അബുദാബി: അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്കിൽ യു.എ.ഇ ആരോഗ്യ മേഖലയിലെ അതികായനും മലയാളിയുമായ ഡോക്ടർ ജോർജ് മാത്യുവിന് ആദരം. പ്രമുഖ എമിറാത്തി ഓങ്കോളജിസ്റ്റ് പ്രൊഫ. ഹുമൈദ് അൽ ഷംസിയുടെ ‘ഹെൽത്ത്കെയർ ഇൻ ദി യുണൈറ്റഡ് അറബ് എമിറേറ്റ്സ്’ എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിലാണ് രാജ്യത്തിന്‍റെ ആരോഗ്യ മേഖലക്ക് നൽകിയ സംഭാവനകൾ മുൻനിർത്തി ഡോ.ജോർജിനെ ആദരിച്ചത്.
രാജ്യത്തിന്‍റെ ആരോഗ്യ മേഖല കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച ഡോ. ജോർജ് പുസ്തകത്തിന്‍റെ ആദ്യ കോപ്പി ഏറ്റുവാങ്ങുന്നത് ഏറെ അഭിമാനകരമാണെന്ന് പ്രൊഫ. ഹുമൈദ് പറഞ്ഞു. യുഎഇയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്‍റെ പുരോഗതിയെ വരച്ചു കാട്ടുന്ന, ഭാവിയിലെ മെച്ചപ്പെടുത്തലുകൾക്ക് പ്രചോദനം നൽകുന്ന തരത്തിലുള്ള റോഡ് മാപ്പ് നൽകുക എന്നതാണ് ഈ പുസ്തകത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊതു പരിപാടികളിൽ അപൂർവമായി മാത്രം പങ്കെടുക്കാറുള്ള ഡോ. ജോർജ് മാത്യുവിന്‍റെ വാക്കുകൾ കേൾക്കാനായി ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പ്രമുഖരാണ് അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്കിലെ ബുർജീൽ ഹോൾഡിങ്‌സ് ബൂത്തിലെത്തിയത്. ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, സിഇഒ ജോൺ സുനിൽ എന്നിവരും സന്നിഹിതരായിരുന്നു.
യുഎഇ ആരോഗ്യ മേഖലയുടെ ചരിത്രം അൽ ഐനിലെ ആദ്യ പബ്ലിക് ഹോസ്പിറ്റൽ ഡോക്ടറായ ഡോ. ജോർജ് വിശദീകരിച്ചു. ‘1967 ഇൽ 26 ആം വയസിൽ ജനറൽ പ്രാക്റ്റീഷനർ ആയി എത്തുമ്പോൾ അൽ ഐനിൽ നല്ല റോഡോ, ജലവിതരണ സംവിധാനമോ, വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല.” ഡോക്ടർ ഓർത്തെടുത്തു. ‘കരിയറിന്‍റെ ഒരു ഘട്ടത്തിൽ കാലിഫോര്ണിയയിലേക് മാറാൻ ഡോ. ജോർജും കുടുംബവും തീരുമാനിച്ചെങ്കിലുംഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദുമായുള്ള കൂടിക്കാഴ്ച ജീവിതം മാറ്റി മറിച്ചു. അദ്ദേഹത്തിന്‍റെ ആശീർവാദത്തോടെ ആദ്യ ക്ലിനിക്ക് തുടങ്ങി. 1972-ൽ അൽ ഐൻ റീജിയൻ്റെ മെഡിക്കൽ ഡയറക്ടർ , 2001-ൽ ഹെൽത്ത് അതോറിറ്റി കൺസൾട്ടന്‍റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിക്കാൻ സാധിച്ചതായി ഡോക്ടർ ജോർജ് അഭിമാനത്തോടെ പറഞ്ഞു.
“ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല യുഎഇയുടെ ആരോഗ്യ വികസനം. ഭരണാധികാരികളുടെ ദീർഘവീക്ഷണവും വിവിധ പങ്കാളിത്തങ്ങളും ഇതിനു സഹായകരമായി.ഇപ്പോൾ, രാജ്യം കാൻസർ ഗവേഷണത്തിൽ നിക്ഷേപം നടത്തുന്നു. ഇതെല്ലം വലിയൊരു നാളെയിലേക്കുള്ള ചുവടു വെപ്പാണ്.” അദ്ദേഹം വിശദീകരിച്ചു. ഒരു ഡോക്ടറെ നിർണയിക്കുന്നത് അറിവ് മാത്രമല്ല, പെരുമാറ്റം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.സമ്പൂർണ യുഎഇ പൗരത്വം, സാമൂഹ്യ സേവനത്തിനുള്ള പരമോന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് എന്നിവയിലൂടെയും ഡോ. ജോർജ് മാത്യുവിന്‍റെ സംഭാവനകളെ രാജ്യം ആദരിച്ചിട്ടുണ്ട്. അടുത്തിടെ അബുദാബി അൽ മഫ്രകിലെ ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിക്ക് സമീപത്തുള്ള റോഡിന് ജോർജ് മാത്യു സ്ട്രീറ്റ് എന്ന് പേര് നൽകിയിരുന്നു.