അബൂദബി – ഓട്ടോ ഗോ ഇപ്പോള്‍ യുഎഇയുടെ തലസ്ഥാനമായ അബൂദബിയിലെ മസ്ദാര്‍ സിറ്റിയിലെ നിരത്തുകളിലൂടെ കൗതുകം ജനിപ്പിച്ച് കുതിച്ചുപായുകയാണ്. ജനങ്ങള്‍ക്കാവശ്യമായ സാധനങ്ങളുമായി അവര്‍ക്കരികിലേക്ക് അതിവേഗമെത്തുന്ന ഡ്രൈവറില്ലാ വാഹനങ്ങളാണിത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഓട്ടോ ഗോയുടെ ആദ്യ സര്‍വ്വീസുകള്‍. കഴിഞ്ഞ ദിവസം അധികൃതര്‍ ഇത്തരം വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ് അനുവദിച്ചതോടെ ഇത് കൂടുതല്‍ പ്രചാരത്തിലാവുകയാണ്.
കെ2, ഇഎംഎക്‌സ് എന്നീ കമ്പനികളുമായി സഹകരിച്ചാണ് മസ്ദാര്‍ സിറ്റിയില്‍ ഡ്രൈവറില്ലാ വാഹനങ്ങളെത്തിയത്. സ്മാര്‍ട് ഗതാഗത ഉപകരണങ്ങളും എ.ഐ സാങ്കേതിക വിദ്യയും സമന്വയിപ്പിച്ചാണ് വാഹനത്തിന്റെ പ്രവര്‍ത്തനം. 2040 ഓടെ 25 ശതമാനം വാഹനങ്ങളും സ്മാര്‍ട് സംവിധാനമാക്കാനുള്ള യുഎഇ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണ് ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ.
നേരത്തെ ഡ്രൈവറില്ലാ ടാക്‌സികളും യുഎഇയില്‍ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. അമ്പത് ടാക്‌സികളാണ് ഇത്തരത്തിലും ദുബൈ നിരത്തുകളില്‍ ഓടിയിരുന്നത്. ചൈനീസ് കമ്പനിയായ ബൈദുവിന്റെ അപ്പോളോ എന്നറിയപ്പെടുന്ന ഓട്ടോണമസ് റൈഡ് ഹെയിലിംഗ് സര്‍വ്വീസ് അടുത്ത വര്‍ഷം ദുബൈയില്‍ തുടക്കമാവും. 2026-ല്‍ തുടങ്ങി മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള ആയിരം ടാക്‌സികള്‍ നിരത്തിലിറങ്ങുമെന്ന് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി അറിയിച്ചിരുന്നു. അപ്പോളോയുടെ ആര്‍ടി 6 എന്ന ഏറ്റവും പുതിയ മോഡലാണ് ദുബൈ റോഡുകളിലിറങ്ങുന്നത്. ഈ വാഹനത്തില്‍ 40 സെന്‍സറുകളും ഡിറ്റക്ടറുകളുമുണ്ട്. ചൈനയില്‍ ഇതിനകം പരീക്ഷിച്ച് വിജയിച്ച വാഹനമാണിത്.