ദുബൈ – ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് യുഎഇ ക്കെതിരെ വമ്പൻ വിജയം. ടോസ് നേടി ബാറ്റിങ്ങിന് അയച്ച യുഎഇയെ വെറും 57 റൺസിൽ എല്ലാവരെയും ഇന്ത്യൻ ബൗളിംഗ് നിര പുറത്താക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാർ കൂടിയായ ഇന്ത്യ വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ 4.3 ഓവറിൽ ലക്ഷ്യം കണ്ടു.
ആദ്യം ബാറ്റ് ചെയ്ത യുഎഇ നിരയിൽ രണ്ടുപേർ മാത്രമാണ് ഇരട്ടയക്കം കടന്നത്. ഓപ്പണറായ മലയാളി താരം അലിഷാൻ ഷറഫുവാണ് ആതിഥേയരുടെ ടോപ് സ്കോറർ . 17 പന്തുകളിൽ നിന്ന് 22 റൺസാണ് താരം നേടിയത്. ഓപ്പണറും ക്യാപ്റ്റനുമായ മുഹമ്മദ് വസീമാണ് ( 22 പന്തിൽ 19 runs) ഇരട്ടയക്കം കടന്ന് മറ്റൊരു ബാറ്റ്സ്മാൻ. ഒരു ഘട്ടത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 47 എന്ന നിലയിലുണ്ടായിരുന്ന ഇവർ ശേഷിക്കുന്ന എട്ടുവിക്കറ്റുകൾ നഷ്ടപ്പെട്ടത് 10 റൺസ് ചേർക്കുന്നതിനിടെയാണ്. മൂന്ന് റൺസെടുത്ത രാഹുൽ ചോപ്രയാണ് ടീമിന്റെ മൂന്നാമത്തെ ടോപ് സ്കോറർ. ഇന്ത്യൻ ബൗളിങ് നിരയിൽ വെറും ഏഴ് റൺസ് വഴങ്ങി കുൽദീവ് യാദവ് നാലു വിക്കറ്റുകൾ നേടിയപ്പോൾ ശിവം ദുബെ മൂന്ന് വിക്കറ്റുകളും നേടി.ജസ്പ്രിത് ബുമ്ര, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 20 ഓവർ ഫോർമാറ്റിൽ ഇന്ത്യക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറാണ് 57. 2023ൽ ന്യൂസിലാൻഡ് നേടിയ 66 റൺസായിരുന്നു ഏറ്റവും കുറഞ്ഞ സ്കോർ.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നിലവിലെ ചാമ്പ്യന്മാർക്ക് വേണ്ടി ഷറഫു എറിഞ്ഞ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി അഭിഷേക് ശർമ്മ തുടക്കമിട്ടു. തൊട്ടടുത്ത പന്തിൽ ഒരു ഫോറും കൂടി അടിച്ച അഭിഷേകിന് പിന്നിലുള്ള നാല് പന്തുകളിൽ റൺസുകളെന്നും നേടാനായില്ല. പിന്നീടുള്ള ഓവറുകളിലും സിക്സും ഫോറുകളും അടിച്ചുകൂട്ടിയ ഇന്ത്യക്ക് വിജയിക്കാൻ 10 റൺസ് വേണമെന്നരിക്കെ ഉയർത്തിയടിച്ച അഭിഷേകിനെ (16 പന്തിൽ 30) ഹൈദരലി കയ്യിലൊതുക്കി. പിന്നീട് വന്ന ക്യാപ്റ്റൻ സൂര്യകുമാറും ആദ്യപന്തുതന്നെ സിക്സർ നേടി വിജയം വേഗത്തിലാക്കി. 4.2 ഓവറിൽ സ്കോർ 56ൽ നിൽക്കെ ഒരു ഫോറടിച്ചു ശുഭ്മാൻ ഗിൽ കളി അവസാനിപ്പിച്ചു.
ഗിൽ (9 പന്തിൽ 20), സൂര്യ ( 2 പന്തിൽ 7) എന്നിങ്ങനെയാണ് ഇരുവരും നേടിയ സ്കോർ.
20 ഓവർ ഫോർമാറ്റിൽ ഇന്ത്യ നേടുന്ന ഏറ്റവും വേഗത്തിലുള്ള വിജയവും ഈ മത്സരത്തിൽ സ്വന്തമാക്കാൻ സാധിച്ചു. 2021ൽ സ്കോട്ട്ലാൻഡിനെതിരെ 6.3 ഓവറിൽ നേടിയ വിജയമായിരുന്നു ഇതുവരെ റെക്കോർഡിൽ.
സെപ്റ്റംബർ 14 ഞായറാഴ്ച നടക്കുന്ന ഇന്ത്യ – പാകിസ്ഥാൻ പോരാട്ടത്തിനാണ് ആരാധകരെല്ലാം കാത്തിരിക്കുന്നത്.
ഇന്ന് ബംഗ്ലാദേശ് ആദ്യ മത്സരത്തിനിറങ്ങും. അഫ്ഗാനിസ്ഥാനോട് 94 റൺസിന്റെ വമ്പൻ പരാജയം ഏറ്റുവാങ്ങിയ ഹോ ങ്കോങ് ആണ് എതിരാളികൾ.