അബുദാബി: വംശനാശഭീഷണി നേരിടുന്ന അറേബ്യൻ മണൽ പൂച്ച(അറേബ്യൻ സാന്റ് ക്യാറ്റ്) കുഞ്ഞുങ്ങൾ അൽ ഐൻ മൃഗശാലയിൽ പിറന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് മൃഗശാലയിൽ മൂന്ന് പൂച്ച കുഞ്ഞുങ്ങൾ പിറന്നത്. മരുഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട ജീവികളിൽ ഒന്നായ അറേബ്യൻ മണൽപൂച്ചയെ അബുദാബി റെഡ് ലിസ്റ്റ് പ്രകാരം വംശനാശഭീഷണി നേരിടുന്ന മൃഗമായാണ് കണക്കാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇവയെ സംരക്ഷിക്കാനായി പ്രത്യേക പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നുണ്ട്.
പൂച്ചക്കുട്ടികൾ ആരോഗ്യവാന്മാരാണെന്നും മികച്ച പരിചരണമാണ് ഇവയ്ക്ക് നൽകുന്നതെന്നും അധികൃതർ പറഞ്ഞു. പൂച്ചക്കുട്ടികളെ നേരിൽ കാണാൻ ഒട്ടേറെ ആളുകൾ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. പുതിയ അതിഥികൾക്ക് അനുയോജ്യമായ പേരുകൾ നിർദ്ദേശിക്കാമോ എന്ന കുറിപ്പോടെയാണ് മൃഗശാല അധികൃതർ സാമൂഹിക മാധ്യമങ്ങളിൽ ഇവയുടെ ചിത്രങ്ങൾ പങ്ക് വെച്ചത്.ഇതോടെ വ്യത്യസ്തവും ആകർഷവുമായ നിരവധി പേരുകളാണ് ഇതിനുതാഴെ കമൻറുകളായി ആളുകൾ നിർദ്ദേശിച്ചിട്ടുള്ളത്.
വേനലിൽ അടച്ചിട്ട മൃഗശാല അടുത്തമാസമാണ് സന്ദർശകർക്കായി തുറന്ന് കൊടുക്കുകയുള്ളൂ.