ഫുജൈറ– യുഎഇയിലെ അത്യപൂർവവും വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളിൽ ഒന്നായ അറേബ്യൻ ലിങ്ക്സ് (Lynx caracal schmitzi) ഫുജൈറയിലെ വാടി വുറയ്യ നാഷണൽ പാർക്കിൽ വീണ്ടും പ്രത്യക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അപൂർവ മൃഗത്തിന്റെ സാന്നിധ്യം ഇവിടെ സ്ഥിരീകരിക്കുന്നത്. 2023 മാർച്ചിൽ വാടി ഷീസ് പ്രദേശത്തായിരുന്നു ജീവിയെ അവസാനമായി കണ്ടത്. 2019-ൽ ജെബൽ ഹഫീത് പ്രദേശത്തും കണ്ടിരുന്നു. മോഷൻ-സെൻസർ ക്യാമറകളുടെ സഹായത്തോടെയാണ് അറേബ്യൻ ലിങ്ക്സിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ഇൻഫ്രാറെഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച ക്യാമറകൾ പകൽ-രാത്രി സമയങ്ങളിലായി സ്വയം ചിത്രങ്ങൾ പകർത്തി കൊണ്ടിരുന്നു.
മഷ്രിഖ് ബാങ്കിന്റെ പിന്തുണയോടെ ഫുജൈറ എൻവയോൺമെന്റ് അതോറിറ്റിയുടെയും എമിറേറ്റ്സ് നേച്ചർ–ഡബ്ല്യുഡബ്ല്യുഎഫ് (World Wide Fund for Nature) സംയുക്ത സംരംഭമായ “നോട്ടിസ് നേച്ചർ” പദ്ധതിയുടെ ഭാഗമായാണ് നിരീക്ഷണം നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group