ദുബൈ– ഇസ്രായിലിനെ നിലക്കുനിര്‍ത്താന്‍ അറബ് രാജ്യങ്ങള്‍ക്ക് കഴിയുമെന്ന് യു.എ.ഇ വ്യവസായിയും ശതകോടീശ്വരനുമായ ഖലഫ് അല്‍ഹബ്തൂര്‍ പറഞ്ഞു. അറബ് രാജ്യങ്ങളുടെ സാമ്പത്തിക ശക്തിയെ കുറച്ചു കാണരുതെന്നും രക്തച്ചൊരിച്ചിലില്ലാതെ ഇസ്രായിലിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുമെന്നും ഖലഫ് അല്‍ഹബ്തൂര്‍ കൂട്ടിച്ചേര്‍ത്തു. അറബ് രാജ്യങ്ങളുടെ വ്യോമമേഖലകളില്‍ ഇസ്രായിലിൻ്റെ വ്യോമ ഗതാഗതം നിരോധിക്കാനും ഫലപ്രദമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമുള്ള ഏകീകൃത അറബ് തീരുമാനത്തിന്റെ ആഘാതത്തെ കുറിച്ച് അല്‍ഹബ്തൂര്‍ റിസേര്‍ച്ച് സെന്റര്‍ നടത്തിയ പുതിയ പഠനത്തെകുറിച്ചും ഖലഫ് അല്‍ഹബ്തൂര്‍ വെളിപ്പെടുത്തി.
ഈ വിലക്ക് ഏര്‍പെടുത്തിയാല്‍ ഇസ്രായില്‍ സമ്പദ്‌വ്യവസ്ഥക്ക് പ്രതിവര്‍ഷം 28 ബില്യണ്‍ ഡോളര്‍ മുതല്‍ 33.5 ബില്യണ്‍ ഡോളര്‍ വരെ നഷ്ടം നേരിടേണ്ടി വരുമെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് ഏകദേശം ഇസ്രായിലിന്റെ ആഭ്യന്തര ഉല്‍പാദനത്തിന്റെ അഞ്ച് ശതമാനത്തിന് തുല്യമാണ്. കൂടാതെ വ്യോമ നിരോധനം ടൂറിസം, നിക്ഷേപങ്ങള്‍, വിതരണ ശൃംഖലകള്‍ എന്നിവയില്‍ തടസം സൃഷ്ടിക്കുകയും ഗുരുതരമായ സാമ്പത്തിക രാഷ്ട്രീയ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടി.
ഇസ്രായിലുമായി ബന്ധപ്പെട്ട നിക്ഷേപങ്ങള്‍, സാമ്പത്തിക താല്‍പ്പര്യങ്ങള്‍ എന്നിവ പുനഃപരിശോധിക്കാനും തങ്ങളുടെ ജനങ്ങളുടെ സംരക്ഷണത്തിനും അവരുടെ പരമാധികാരത്തിനും മുന്‍ഗണന നല്‍കുന്ന ഏകോപന സംവിധാനങ്ങള്‍ സജീവമാക്കാനും അദ്ദേഹം അറബ് നേതാക്കളോട് ആഹ്വാനം ചെയ്തു. അറബികള്‍ എന്ന നിലയില്‍, നമുക്ക് യഥാര്‍ഥവും ഫലപ്രദവുമായ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയും. നമ്മുടെ ഐക്യം മറ്റുളളവരുടെ കണക്കുകൂട്ടലുകള്‍ പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിതരാക്കും. നമ്മുടെ ക്ഷമ ബലഹീനതയല്ല, മറിച്ച് ഒരു തന്ത്രമാണ്. നമ്മുടെ തീരുമാനം ഏകീകൃതവും ഉറച്ചതും യുക്തിപരവുമായിരിക്കണമെന്നും ഖലഫ് അല്‍ഹബ്തൂര്‍ പറഞ്ഞു.