അബുദാബി– യുഎഇ പൈതൃകോത്സവമായ ‘അൽ ദഫ്ര ഫെസ്റ്റിവൽ’ ഈ മാസം 27 മുതൽ 2026 ജനുവരി 22 വരെ അബുദാബിയിൽ നടക്കും. രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കാനും തലമുറകൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ നടക്കുന്ന ഫെസ്റ്റിവൽ അബൂദാബി ഹെറിറ്റേജ് അതോറിറ്റിയാണ് സംഘടിപ്പിക്കുന്നത്. വിപുലമായ സാംസ്‌കാരിക പരിപാടികളും പരമ്പരാഗത ചന്തകളും ഇതിനോടൊപ്പം ഒരുക്കിയിട്ടുണ്ട്.
വിവിധ മൽസരങ്ങളിലായി 9.44 കോടി ദിർഹം (ഏകദേശം 213 കോടി രൂപ) സമ്മാനമായി ലഭിക്കും. ഒട്ടകങ്ങളുടെ സൗന്ദര്യമത്സരങ്ങൾ ഉൾപ്പെടെ 17 മത്സരങ്ങളാണ് ഫെസ്റ്റിൽ നടക്കുക. ആകെ 4,800ഓളം സമ്മാനങ്ങളാണ് വിതരണം ചെയ്യുക. 8.87 കോടി ദിർഹം സമ്മാനതുകയുള്ള ഒട്ടക സൗന്ദര്യമത്സരങ്ങൾ നാല് ഘട്ടങ്ങളിലായാണ് നടക്കുക. മൽസരത്തിൽ ആകെ 355 റൗണ്ടുകളുണ്ടാകും. ഇതിൽ മാത്രം 3,370 സമ്മാനങ്ങളുണ്ട്.
ഒക്ടോബർ 27 – നവംബർ 3 വരെ സുലൈഹാൻ മത്സരം, നവംബർ 15 – 22 വരെ റാസീൻ മത്സരം, ഡിസംബർ 13 – 20 വരെ മദീനത്ത് സായിദ് മത്സരം,2026 ജനുവരി 3 – 22 ഗ്രാൻഡ് ഫിനാലെ (അൽ ദഫ്ര) എന്നിവ നടക്കും. ഒട്ടകം കറക്കൽ, ഫാൽക്കൺ പറത്തൽ, ഫാൽക്കൺ സൗന്ദര്യം, അറേബ്യൻ സലൂക്കി (നായ) സൗന്ദര്യം, ഓട്ട മത്സരം, അറേബ്യൻ കുതിരയോട്ടം, ഈന്തപ്പഴം, പാചകം, പരമ്പരാഗത വസ്ത്രധാരണം തുടങ്ങിയ മത്സരങ്ങൾ ഫെസ്റ്റിവലിന്റെ അവസാനഘട്ടത്തിലാണ് നടക്കുക.ഈ മത്സരങ്ങളിൽ മാത്രം 5.6 ദശലക്ഷം ദിർഹത്തിലേറെ മൂല്യമുള്ള 1,520 സമ്മാനങ്ങൾ വിതരണം ചെയ്യും.



