അജ്മാൻ: അടുത്ത മാസം മുതൽ അൽ ഐനിലേക്ക് പുതിയ ഇന്റർസിറ്റി ബസ് സർവീസ് പ്രഖ്യാപിച്ച് അജ്മാൻ. മെയ് ഒന്ന് മുതൽ മുസല്ല ബസ് സ്റ്റേഷനും അൽ ഐൻ ബസ് സ്റ്റേഷനും ഇടയിൽ പുതിയ റൂട്ട് പ്രവർത്തനക്ഷമമാകുമെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അറിയിച്ചു.
രണ്ട് ബസ് സ്റ്റേഷനുകളിൽ നിന്നും ദിവസവും നാല് യാത്രകൾ ഉണ്ടാകും. അജ്മാനിൽ നിന്ന് അൽ ഐനിലേക്കുള്ള ആദ്യ ബസ് രാവിലെ എട്ട് മണിക്ക് പുറപ്പെടും, രണ്ടാമത്തേത് ഉച്ചക്ക് 12 മണിക്കും മൂന്നാമത്തെ ട്രിപ്പ് വൈകുന്നേരം നാല് മണിക്കും പുറപ്പെടും. ദിവസത്തിലെ അവസാന ട്രിപ്പ് രാത്രി എട്ട് മണിക്കാണ്. അൽ ഐനിൽ നിന്ന് അജ്മാനിലേക്കുള്ള ബസുകളും ഇതേ ഷെഡ്യൂൾ ആണ് പിന്തുടരുക.
ദുബായ്ക്കും ഷാർജയ്ക്കും ഇടയിൽ പുതിയ ഇന്റർസിറ്റി ബസ് സർവീസ് മെയ് രണ്ടിന് ആരംഭിക്കുന്നുണ്ട്. ദുബായിലെ സ്റ്റേഡിയം ബസ് സ്റ്റേഷനെ ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ റൂട്ട്.