ദുബായ്:ഹോളണ്ട് ആസ്ഥാനമായുള്ള മൊബിലിറ്റി സൊല്യൂഷൻ പ്രൊവൈഡറായ ‘പൽ -വി നിർമിക്കുന്ന പറക്കും കാർ ഷാർജ റിസർച്ച് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കിൽ (സ്ട്രിപ്പ് ) അവതരിപ്പിച്ച്
യു എ ഇ . അഞ്ഞൂറ് കിലോ മീറ്റർ വരെ പറക്കാൻ ശേഷിയുള്ളതാണ് ഈ അത്യാധുനിക പറക്കും കാർ.
അടിസ്‌ഥാന മോഡലിന് 2.9 മില്യൺ ദിർഹമാണ് വില. രണ്ട് പേർക്ക് യാത്ര ചെയ്യാനും 20 കിലോ ലഗേജ് വഹിക്കാനും ശേഷിയുണ്ട്. കംബസ്റ്റൻ എഞ്ചിൻ കൊണ്ട് പ്രവർത്തിക്കുന്ന പറക്കും കാറിന് ‘ഫുൾ ടാങ്ക്’ ഇന്ധനത്തിൽ 500 കിലോമീറ്റർ ദൂരം വരെ പറക്കാൻ കഴിയും.10 മീറ്ററിനും 3500 മീറ്ററിനുമിടയിലുള്ള ഉയരത്തിലായിരിക്കും കാറിന്റെ സഞ്ചാരപാത.
2 മണിക്കൂർ 20 മിനിറ്റുകൊണ്ട് അബുദാബിയിൽനിന്ന് മസ്കത്തിലേക്കോ ദോഹയിലേക്കോ കുവൈത്തിലേക്കോ പറക്കാം. ദുബായിൽനിന്ന് ബഹ്റൈനിലേക്കും മറ്റു ജിസിസി രാജ്യങ്ങളിലേക്കും പറക്കും കാറിൽ എത്താൻ ഇതേ സമയം മതി. 2027ആകുമ്പോഴേക്കും യുഎഇയുടെ ആകാശത്ത് പറക്കുന്ന കാറുകൾ യാഥാർത്ഥ്യമാകുമെന്ന് പിഎഎൽ-വിയുടെ സിഇഒയും സഹസ്ഥാപകനുമായ റോബർട്ട് ഡിംഗെമാൻസെ വ്യക്തമാക്കി.
താഴ്ന്ന് പറക്കുന്ന ഇത്തരം വാഹനങ്ങൾ ഉപയോഗിച്ച് അതിർത്തി പട്രോളിംഗ്, തീരസംരക്ഷണം, മറ്റ് സൈനിക ആവശ്യങ്ങൾ എന്നിവക്കായി വേഗത്തിൽ ഡോക്ടർമാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സാധിക്കും. ഹെലികോപ്റ്ററിനേക്കാൾ വിലകുറഞ്ഞതും ഹെലികോപ്റ്ററിന്‍റെ അതേ വേഗത കൈവരിക്കാൻ ശേഷിയുള്ളതുമായ ഫ്ലയിങ്ങ് കാർ സുരക്ഷിതമാണെന്ന് റോബർട്ട് ഡിംഗെമാൻസെ പറഞ്ഞു.
വാഹനം പറക്കും ടാക്സികളായും ഉപയോഗിക്കാമെന്നും പൈലറ്റ് പരിശീലനത്തിനായി യുഎഇയിലോ മിഡിൽ ഈസ്റ്റിലോ ഒരു ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നുവെന്നും ഡിംഗെമാൻസെ വെളിപ്പെടുത്തി.
2 സീറ്റുള്ള മുച്ചക്ര കാർ സ്റ്റാർട്ട് ചെയ്ത് 3 മിനിറ്റിനകം ഗൈറോ പ്ലെയിനായി മാറും. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ്, ലാൻഡിങ് (ഇവിടിഒഎൽ) വിമാനങ്ങളിൽനിന്ന് വ്യത്യസ്തമായി പിഎഎൽ-വി ലിബർട്ടിക്ക് ടേക്ക് ഓഫിന് ഏകദേശം200 മീറ്ററും ലാൻഡിങിന് 30 മീറ്ററും നീളത്തിലുള്ള ലഘു എയർസ്ട്രിപ്പ് ആവശ്യമാണ്.
ഈ മാസം ആദ്യം കമ്പനിക്ക് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (ഇഎഎസ്എ) സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നു. യുഎഇയുടെ ജിസിഎഎ, സൗദി അറേബ്യയുടെ ജിഎസിഎ തുടങ്ങിയ പ്രാദേശിക വ്യോമയാന അധികാരികളിൽ നിന്ന് സേവനാനുമതി തേടിയിരിക്കുകയാണ് കമ്പനി.
ഷാർജയിൽ പറക്കും കാർ സേവനം നടത്തുന്നതു സംബന്ധിച്ച് പിഎഎൽ-വിയുമായി ചർച്ച നടത്തിവരികയാണെന്ന് കമ്യൂണിക്കേഷൻ സ്ട്രാറ്റജി ആൻഡ് മാർക്കറ്റിങ് ഡയറക്ടർ ജുമാ അൽഹാജ് പറഞ്ഞു. നിലവിൽ, ആർച്ചർ ഏവിയേഷനും ജോബിയും ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ യുഎഇയിൽ പറക്കും ടാക്സികൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ്. 2025 ജനുവരിയിൽ യുഎഇയിലെ ആദ്യത്തെ പറക്കും ടാക്സി വാണിജ്യ വെർട്ടിപോർട്ടിന് ദുബായ് ഇന്റർനാഷണൽ വെർട്ടിപോർട്ട് (DXV) എന്ന് പേരിട്ടിരുന്നു.