ദുബൈ – യുഎഇ-യുടെ പുതിയ ആരോഗ്യമന്ത്രിയായി അഹമ്മദ് അൽ സയേഗിനെ നിയമിച്ചു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ആരോഗ്യമന്ത്രിയായിരുന്ന അബ്ദുറഹ്മാൻ അൽ ഉവൈസിന് പകരമായാണ് പുതിയ നിയമനം. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ അംഗീകാരത്തോടെയാണ് പുതിയ നിയമനമെന്ന് ശൈഖ് മുഹമ്മദ് അറിയിച്ചു. അബ്ദുറഹ്മാൻ അൽ ഉവൈസ് ഫെഡറൽ നാഷനൽ കൗൺസിൽ അഫയേഴ്സിൻ്റെ സഹമന്ത്രിയായി തുടരും.
2018 സെപ്റ്റംബർ മുതൽ വിദേശകാര്യ മന്ത്രാലയത്തിൽ സഹമന്ത്രിയായി അൽ സയേഗ് സേവനമനുഷ്ഠിക്കുന്നുണ്ട്. ഏഷ്യൻ രാജ്യങ്ങളുമായും കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്‌സിലെ (സിഐഎസ്) അംഗങ്ങളുമായും യുഎഇയുടെ ഉഭയകക്ഷി ബന്ധങ്ങൾ കൈകാര്യം ചെയ്തിട്ടുമുണ്ട്.