അബുദാബി: ഓക്സ്‌ഫോർഡ് ഇക്കണോമിക്സ് 2024- ലെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയപ്പോൾ അറബ് മേഖലയിൽ യു.എ.ഇ. നഗരങ്ങൾക്ക് മികച്ച നേട്ടം. അറബ് മേഖലയിലെ മികച്ച നഗരമായി യുഎഇ തലസ്ഥാനമായ അബുദാബി തെരഞ്ഞെടുക്കപ്പെട്ടു.
ആഗോളതലത്തിൽ 54 ആം സ്ഥാനത്ത് എത്തിയ അബുദാബിക്ക് തൊട്ടുപിന്നാലെ മറ്റു യുഎഇ നഗരങ്ങളായ ദുബായ് ,ഷാർജ, അജ്മാൻ എന്നിവ രണ്ടാം സ്ഥാനത്തിന് അർഹരായി.
ആഗോളതലത്തിൽ ഈ മൂന്ന് നഗരങ്ങളും 92 ആം സ്ഥാനത്ത് എത്തി. ആഗോളതലത്തിൽ 118 ആം സ്ഥാനത്തോടെ സൗദി അറേബ്യൻ തലസ്ഥാനമായ റിയാദ് ആണ് അറബ് നഗരങ്ങളിൽ മൂന്നാം സ്ഥാനത്തുള്ളത്. മറ്റൊരു സൗദി നഗരമായ ദമാം ആഗോളതലത്തിൽ 189ാം സ്ഥാനവുമായി നാലാമതും യുഎഇ നഗരമായ അൽ ഐൻ ആഗോളതലത്തിൽ 218ാംസ്ഥാനത്തുമായി അഞ്ചാമതും എത്തി.
അറബ് നഗരങ്ങളിൽ ജിദ്ദയാണ് ആറാം സ്ഥാനത്ത്. ആഗോളതലത്തിൽ 257ാം സ്ഥാനമാണ് ഈ സൗദി നഗരത്തിന്. അറബ് നഗരങ്ങളിൽ 262 ാം സ്ഥാനവുമായി ഖത്തർ സ്ഥലമായ ദോഹ നഗരം ഏഴാമതും, കുവൈറ്റ് സിറ്റി എട്ടാമതും എത്തി. ആഗോളതലത്തിൽ കുവൈത്തിൻ്റെ സ്ഥാനം 293 ആണ്.
ആഗോളതലത്തിൽ 327ആം സ്ഥാനത്തുള്ള ഈജിപ്ത് തലസ്ഥാനമായ കെയ്റോ ഒമ്പതാം സ്ഥാനത്തും 339 ാം സ്ഥാനത്തുള്ള മക്ക പത്താം സ്ഥാനത്തും ബഹ്റൈൻ തലസ്ഥാനമായ മനാമ 353 ാം ആഗോള റാങ്കിങ്ങുമായി 11ാം സ്ഥാനത്തുമുണ്ട്.ആഗോളതലത്തിൽ 373ാം സ്ഥാനത്തുള്ള സൗദിയിലെ തായിഫ് നഗരമാണ് അറബ് നഗരങ്ങൾ കൂട്ടത്തിൽ ഏറ്റവും മികച്ച പന്ത്രണ്ടാമത്തെ നഗരം.
അമേരിക്കൻ നഗരമായ ന്യൂയോർക്ക് സിറ്റിയാണ് ഓക്സ്ഫോർഡ് എക്കണോമിക്സിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികൾ ആഗോളതലത്തിൽ ഒന്നാമത് എത്തിയത്. ലണ്ടൻ ,യുഎസിലെ സാൻഞ്ചോസ്, ജപ്പാനിലെ ടോക്കിയോ , ഫ്രാൻസിലെ പാരീസ്, യുഎസ് നഗരങ്ങളായ സിയാറ്റിൻ, ലോസ് ആഞ്ചലസ് , സാൻ ഫ്രാൻസിസ്കോ , ഓസ്ട്രേലിയയിലെ മെൽബൺ, സ്വിറ്റ്സർലാൻഡിലെ സൂറിച്ച് എന്നിവയാണ് ആദ്യ 10 സ്ഥാനങ്ങളിൽ എത്തിയ നഗരങ്ങൾ.
സമ്പത്ത് വ്യവസ്ഥ, മനുഷ്യ മൂലധനം, ജീവിത നിലവാരം, പരിസ്ഥിതി ,ഭരണ മികവ് എന്നീ അഞ്ചു ഘടകങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്.