അബുദാബി: ഓൺലൈനിൽ ആളുകളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ സ്വീകരിക്കുന്ന പുതിയ വഞ്ചനാ രീതികളെക്കുറിച്ച് അബുദാബി പോലിസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വ്യക്തികളിൽ നിന്നും പണമോ വ്യക്തിഗത വിവരങ്ങളോ ശേഖരിക്കാൻ വ്യാജമായി രൂപകൽപന ചെയ്തതാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്.
സോഷ്യൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമുകളിൽ ഉയർന്ന നിലവാരമുള്ള വാച്ചുകളുടെ വിൽപന പ്രോത്സാഹിപ്പിക്കുന്ന വ്യാജ പരസ്യങ്ങളിലൂടെയും ഓൺലൈൻ ലേലങ്ങളിലൂടെയും തട്ടിപ്പുകാർ വ്യക്തികളെ വഞ്ചിക്കുന്നത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ നിർദേശം.
യഥാർത്ഥ ആഡംബര ടൈം പീസുകളെന്നു വിശ്വസിപ്പിച്ച് പണം കൈമാറാൻ ഇരകളെ പ്രേരിപ്പിക്കുകയും, തുടർന്ന് ഇവ സ്വീകരിച്ച ശേഷം ഇരകൾ പരിശോധിക്കുമ്പോൾ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്ത അനുഭവം അധികൃതർ ചൂണ്ടിക്കാട്ടി. ആളുകളെ ആകർഷിക്കാൻ തട്ടിപ്പുകാർ വ്യാജ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളും കൃത്രിമ തൊഴിൽ പരസ്യങ്ങളും ഉപയോഗിക്കുന്നുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങളോ തട്ടിപ്പുകളോ ശ്രദ്ധയിൽപ്പെട്ടാൽ 800 2626 (അമാൻ സർവിസ്) എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും പൊലിസ് അഭ്യർത്ഥിച്ചു.