അബുദാബി: നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ആളില്ലാ പൊലീസ് വാഹനം അവതരിപ്പിച്ച് അബുദാബി പോലീസ്. 360 ഡിഗ്രി കാമറ ആംഗിള്‍, ഇന്‍ഫ്രാറെഡ് കാമറകള്‍, ആന്റി ഡിസ്റ്റര്‍ബിങ് സംവിധാനങ്ങള്‍, ജി.പി.എസ് സംവിധാനം തുടങ്ങി അതിനൂതന സംവിധാനങ്ങൾ വാഹനത്തിലുണ്ട്.
കൂടാതെ സംയോജിത ബയോമാര്ക്ക് നിരീക്ഷണ സംവിധാനം, സംയോജിത എയർക്രാഫ്റ്റ് ബോക്സ് ഡ്രോണ്‍ എന്നിവക്കായി പ്രത്യേക സൗകര്യവും പ്രത്യേക റോബോട്ടുകളെ വിന്യസിക്കാനും കഴിയുന്ന ഈ വാഹനം ഇടുങ്ങിയ സ്ഥലങ്ങളില്‍ പോലും പട്രോളിങ് ശക്തമാക്കുന്നതിന് ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ്.
കിന്റ്സുഗി, എഡ്ജി എന്നീ കമ്പനികളുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ വാഹനത്തിൻ്റെ മാതൃക പ്രതിരോധ പ്രദർശനമായ ‘ഐഡെക്സ് 2025’ വേദിയിലാണ് അവതരിപ്പിച്ചത്. എന്നാൽ എന്ന് മുതൽ വാഹനം നിരത്തിലിറങ്ങുമെന്ന കാര്യം അധികൃതർ പുറത്ത് വിട്ടിട്ടില്ല.