അബുദാബി: സന്ദർശകരുടെയും താമസക്കാരുടെയും സുരക്ഷ വർധിപ്പിക്കാനും ഹോട്ടൽ ചെക്ക്-ഇൻ നടപടികൾ ലളിതമാക്കാനുമായി എമിറേറ്റിലെ എല്ലാ ഹോട്ടലുകളിലും ചെക്ക്-ഇൻ, ചെക്ക് ഔട്ട് നടപടികൾക്കായി മുഖം തിരിച്ചറിയൽ സംവിധാനം ആരംഭിക്കുന്നു.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ (ഐ.സി.പി) സഹകരണത്തോടെയാണ് അബുദാബി സാംസ്കാരിക, വിനോദ സഞ്ചാരവകുപ്പ് (ഡി.സി.ടി അബുദാബി) പുതിയ സംവിധാനം നടപ്പാക്കുക.
ആദ്യഘട്ടത്തിൽ എമിറേറ്റിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് സാങ്കേതികവിദ്യ അവതരിപ്പിക്കുക. രണ്ടാംഘട്ടത്തിൽ ഫോർ സ്റ്റാർ ഹോട്ടലുകളിലും ക്രമേണ മറ്റെല്ലാ ഹോട്ടലുകളിലേക്കും സംവിധാനം വ്യാപിപ്പിക്കും.
ചെക്ക്-ഇൻ സമയത്ത് ഫേഷ്യൽ റെക്കഗ്‌നിഷൻ സംവിധാനം അതിഥികളുടെ ബയോമെട്രിക് വിവരങ്ങൾ പകർത്തും. തുടർന്ന് ഐ.സി.പി ഉപഭോക്താവിൻെറ വിവരങ്ങൾ അവലോകനം ചെയ്യുകയും ഡി.സി.ടി അബുദാബിയുടെ കീഴിലുള്ള കേന്ദ്രീകൃത ഡേറ്റാബേസിലേക്ക് കൈമാറുകയും ചെയ്യുന്നതാണ് പുതിയ സംവിധാനം.
യുഎഇ സൈബർ സുരക്ഷാ നിയമങ്ങൾക്ക് അനുസൃതമായി വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതാണ് സംവിധാനം.
ചെക്ക്-ഇൻ നടപടികൾ കാര്യക്ഷമമാക്കാൻ മാത്രമായി ഈ വിവരങ്ങൾ ഉപയോഗിക്കും.
അതിഥികൾക്കും ജീവനക്കാർക്കും മികച്ച സുരക്ഷയും സേവനങ്ങളും ഉറപ്പാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡി.സി.ടി അബുദാബിയി ടൂറിസം വിഭാഗം ഡയറക്ടർ-ജനറൽ സലേഹ് മുഹമ്മദ് അൽ ഗെസിരി പറഞ്ഞു.
ഹോട്ടൽ ചെക്ക്-ഇൻ, ചെക്ക് ഔട്ട് നടപടിക്രമങ്ങളിലെ കാത്തിരിപ്പ് ഒഴിവാക്കാനും ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കാനും പുതിയ സംരംഭം കൊണ്ട് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.