അബുദാബി– ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് അബുദാബി ഐകാഡ് വണ്ണിലെ പവർ അഫ്ഗാൻ ബേക്കറി ആൻഡ് റെസ്റ്റോറന്റ് അധികൃതർ അടപ്പിച്ചു. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ ശുചിത്വ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ റെസ്റ്റോറന്റ് പരാജയപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.
ഉപഭോക്താക്കളുടെ ആരോഗ്യത്തിന് നേരിട്ട് ഭീഷണിയാകുന്ന രീതിയിലുള്ള നിയമലംഘനങ്ങളാണ് ഇവിടെ കണ്ടെത്തിയത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അബുദാബിയിലുടനീളം ഭക്ഷ്യസുരക്ഷാ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്. നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മതിയായ ശുചിത്വ പരിപാലനം ഉറപ്പാക്കി വീഴ്ചകൾ പരിഹരിക്കുന്നത് വരെ സ്ഥാപനം അടച്ചിടാനാണ് നിർദ്ദേശം.



