അബുദാബി: പതിനായിരത്തിലേറെ ചിത്രശലഭങ്ങളുമായി എമിറേറ്റിലെ ആദ്യത്തെ ചിത്രശലഭസങ്കേതമായ അബുദാബി ബട്ടർഫ്ലൈ ഗാർഡൻസ് ഈ വർഷം സെപ്റ്റംബറിൽ പ്രവർത്തനമാരംഭിക്കും. അൽ ഖാനയിലെ ദ നാഷണൽ അക്വേറിയത്തിന് സമീപത്താണ് ബട്ടർഫ്ലൈ ഗാർഡൻസ് ഒരുങ്ങുന്നത്. എമിറേറ്റിന്റെ വിനോദസഞ്ചാരമേഖലക്ക് ഗാർഡൻ മുതൽക്കൂട്ടാകും.
ഏഷ്യ, അമേരിക്ക എന്നിങ്ങനെ രണ്ട് സോണുകളിലായി കാലാവസ്ഥാ നിയന്ത്രിത ബയോ-ഡോമുകളിലാണ് ചിത്രശലഭങ്ങൾക്കായി ആവാസവ്യവസ്ഥയൊരുക്കിയത്.
അപൂർവയിനങ്ങളിലുള്ള ചിത്രശലങ്ങളോടൊപ്പം പൂന്തോട്ടങ്ങളിലെ കാഴ്ചകൾ ആസ്വദിച്ച് നടക്കാനുള്ള അവസരമാണ് പുതിയ വിനോദകേന്ദ്രം സന്ദർശകർക്ക് വാഗ്ദാനംചെയ്യുന്നത്.
വൈവിധ്യമാർന്ന ചിത്രശലഭങ്ങൾക്ക് സ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കുന്നതിനാണ് പ്രാധാന്യം നൽകിയതെന്ന് ബട്ടർഫ്ലൈ ഗാർഡൻസ് ജനറൽ മാനേജർ പോൾ ഹാമിൽട്ടൺ പറഞ്ഞു.