അബൂദാബി – സാംസ്‌കാരിക ഉന്നതി പ്രാപിച്ചുവെന്ന അവകാശവാദങ്ങള്‍ക്കിടയില്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്ന് മനുഷ്യത്വവും മൂല്യബോധവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി.
വ്യക്തിയുടെ അടിസ്ഥാനപരമായ സത്യ സന്ധ്യതയും സമുഹത്തിന്റെ പരസ്പര വിശ്വാസവും അനുദിനം നഷ്ടമാകുന്ന സമകാലിക സാഹചര്യത്തില്‍ വിശുദ്ധ നബി (സ) യുടെ ജീവിതസന്ദേശത്തിനും അധ്യാപനങ്ങള്‍ക്കുമുള്ള പ്രസക്തി പതിന്‍മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ സംഘിടിപ്പിച്ച പരിപാടിയില്‍ ‘തിരുനബി(സ): സൗമ്യചരിതം മനുഷ്യകുലത്തിന് കരുണയുടെ ശാശ്വത പാഠങ്ങള്‍’എന്ന പ്രമേയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സമദാനി. യാഥാര്‍ഥ്യമേതെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം ഏത് രംഗത്തും വ്യാജം കൊടികുത്തിവാഴുകയാണ്. ഇന്റര്‍നെറ്റിന്റെയും നിര്‍മ്മിതബുദ്ധിയുടെയും കുലംകുത്തിയൊഴുക്കില്‍ എന്തിലും ഫേക്ക് ആധിപത്യം നേടുന്ന അവസ്ഥാവിശേഷം തിരുനബി (സ) പഠിപ്പിച്ച തത്വങ്ങളില്‍ മുന്‍കൂട്ടി പ്രവചിച്ചിട്ടുള്ളതാണ്. പ്രവാചകാധ്യാപനങ്ങളിലേക്ക് തിരിച്ച് പോയിക്കൊണ്ട് മാത്രമേ മാനവ സംസ്‌കാരത്തിന്റെ അടിസ്ഥാനങ്ങളെ കാത്ത് രക്ഷിക്കാനാവുകയുള്ളൂ എന്നും സമദാനി പറഞ്ഞു.
സകലമൂല്യങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് മൃഗീയവും പൈശാചികവുമായ വാസനകളിലേക്ക് മനുഷ്യര്‍ കൂപ്പ് കുത്തുന്നു. വിദ്യാഭ്യാസം വര്‍ദ്ധിക്കുന്നുണ്ട്. പക്ഷേ വിവരവും വിവേകവും കുറഞ്ഞു പോവുകയാണ്. മനുഷ്യര്‍ക്കിടയിലുള്ള ഉച്ചനീചത്വങ്ങളേയും വിവേചനങ്ങളേയും തിരിച്ച് കൊണ്ട് വരാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇത്തരം അധര്‍മ്മങ്ങളില്‍ നിന്നും അന്ധതകളില്‍ നിന്നും മനുഷ്യരാശിയെ മോചിപ്പിക്കാനാണ് തിരുനബി(സ) ആഗമനം കൊള്ളുകയുണ്ടായത്. മനുഷ്യരുടെ മനസ്സിലും അവര്‍ പാര്‍ക്കുന്ന ലോകത്തും സമാധാനം സ്ഥാപിക്കുന്നതാണ് നബി (സ) സന്ദേശം. സകലവിധ ആക്രമങ്ങളെയും നിരപരാധികളായ മനുഷ്യരുടെ രക്തം ചിന്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും അവിടുന്ന് കര്‍ശനമായി നിരോധിക്കുകയും ജീവന്റെ വില ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. യുക്തിബോധത്തിലൂന്നിയ ദൈവവിശ്വാസവും മതബോധവുമാണ് തിരുനബി (സ) പഠിപ്പിച്ചതെന്നും അബ്ദുസ്സമദ് സമദാനി കൂട്ടിച്ചേര്‍ത്തു.


അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാഷണ പരിപാടി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ പത്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ആക്ടിംഗ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി അധ്യക്ഷത വഹിച്ചു. സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുള്ള സ്വാഗതം പറഞ്ഞു. അഭിലാഷ് ഗോപിക്കുട്ടന്‍ പിള്ള, അബൂദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍, സെന്റര്‍ വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, വി.ടി.ബി ദാമോദരന്‍ സംസാരിച്ചു. സെന്റര്‍ ട്രഷറര്‍ നസീര്‍ രാമന്തളി നന്ദി പറഞ്ഞു.