അബുദാബി: കെഎംസിസി സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ‘അന്നൊരു അബുദാബിക്കാലത്ത്’ എന്ന ചരിത്ര പുസ്തകം പ്രകാശനം ചെയ്തു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുൽ ആബിദീൻ പുസ്തകം പ്രകാശനം ചെയ്തു. നിരവധി സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കെഎംസിസിയുടെ സേവനങ്ങൾ പുസ്തകരൂപത്തിൽ ക്രോഡീകരിച്ച അബുദാബി കെഎംസിസിയുടെ ശ്രമം ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
എഴുത്തുകാരനും പ്രഭാഷകനുമായ ഷരീഫ് സാഗർ കെഎംസിസിയുടെ ചരിത്രം വിവരിക്കുന്ന ഈ പുസ്തകത്തിന്റെ രചനയും എഡിറ്റിംഗും നിർവഹിച്ചു. ചടങ്ങിൽ അബുദാബി കെഎംസിസി ട്രഷററും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന സി.എച്ച്. അസ്ലമിന്റെ ഓർമ്മപുസ്തകത്തിന്റെ ഗൾഫ് മേഖലയിലെ പ്രകാശനവും നടന്നു. കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു.
മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. ഷരീഫ് സാഗർ പുസ്തകം പരിചയപ്പെടുത്തി. യു. അബ്ദുല്ല ഫാറൂഖി, ടി. ഹിദായത്തുല്ല, സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ, എം.പി.എം. റഷീദ്, വി.പി.കെ. അബ്ദുല്ല, ഹമീദ് അലി, സുരേഷ് കുമാർ, വി.ടി.വി. ദാമോദരൻ, അൻസാർ എന്നിവർ പ്രസംഗിച്ചു. പി. ബാവഹാജി, വി. ബീരാൻകുട്ടി, അസീസ് കാളിയാടാൻ, സി. സമീർ, ബഷീർ അഹമ്മദ്, മുഹമ്മദ് ആലം എന്നിവർ പങ്കെടുത്തു.
കെഎംസിസി സംസ്ഥാന ഭാരവാഹികളായ അഷ്റഫ് പൊന്നാനി, റഷീദ് പട്ടാമ്പി, കോയ തിരുവത്ര, അബ്ദുൽ ബാസിത് കയക്കണ്ടി, സാബിർ മാട്ടൂൽ, ഇ.ടി.എം. സുനീർ, അബ്ദുൽ ഖാദർ ഒളവട്ടൂർ, ഹംസ ഹാജി പാറയിൽ, മൊയ്ദുട്ടി വേളേരി, സി.പി. അഷ്റഫ്, അൻവർ ചുള്ളിമുണ്ട, ഷാനവാസ് പുളിക്കൽ, ഹനീഫ് പടിഞ്ഞാറെമൂല, നിസാമുദ്ദീൻ പനവൂർ എന്നിവർ നേതൃത്വം നൽകി.
മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുൽ ആബിദീൻ, വേൾഡ് കെഎംസിസി വൈസ് പ്രസിഡന്റ് യു. അബ്ദുല്ല ഫാറൂഖി, ഗ്രന്ഥകാരൻ ഷരീഫ് സാഗർ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.
32 രാഷ്ട്രങ്ങളിൽ പടർന്നു പന്തലിച്ച് ലക്ഷക്കണക്കിന് പ്രവർത്തകരുള്ള സാമൂഹിക-ജീവകാരുണ്യ സംഘടനയായ കെഎംസിസിയുടെ ചരിത്രം വിവരിക്കുന്ന ഈ പുസ്തകം ആദ്യമായാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. നിരവധി പേരുടെ ഓർമ്മകളിൽ നിന്നും വാമൊഴികളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ ക്രോഡീകരണമാണ് ഈ പുസ്തകം. അബുദാബി കെഎംസിസി മുഖേന പുസ്തകത്തിന്റെ കോപ്പികൾ ലഭ്യമാണ്.
ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുസലാം ടി.കെ. സ്വാഗതവും ട്രഷറർ പി.കെ. അഹമ്മദ് ബല്ലകടപ്പുറം നന്ദിയും പറഞ്ഞു.