അബുദാബി: 39ാമത് അബുദാബി ശക്തി അവാര്‍ഡ് പ്രഖ്യാപിച്ചു. നാടോടി വിജ്ഞാനീയം, സാഹിത്യ നിരൂപണം, പുരോഗമന സാംസ്‌കാരിക മണ്ഡലം എന്നീ മേഖലകളിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ച് നല്‍കുന്ന ഈ വര്‍ഷത്തെ അബുദാബി ശക്തി ടി.കെ രാമകൃഷ്ണന്‍ പുരസ്‌കാരത്തിന് ഡോ.എ. കെ. നമ്പ്യാരെയാണ് തെരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ പി.കരുണാകരന്‍, കണ്‍വീനര്‍ എ.കെ മൂസാ മാസ്റ്റര്‍, കമ്മിറ്റി അംഗം എന്‍. പ്രഭാവര്‍മ്മ എന്നിവരാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മികച്ച നിരൂപണത്തിനുള്ള അബുദാബി ശക്തി തയാട്ട് പുരസ്‌കാരം ഡോ. ടി.കെ സന്തോഷ് കുമാറിന്റെ ‘കവിതയുടെ രാഗപൂര്‍ണ്ണിമ’ എന്ന കൃതിക്കാണ്. കെ.എസ് രവികുമാര്‍ (കടമ്മനിട്ട), കെ.വി സുധാകരന്‍ (ഒരു സമര നൂറ്റാണ്ട്) എന്നിവര്‍ ഇതര സാഹിത്യത്തിനുള്ള അബുദാബി ശക്തി എരുമേലി പുരസ്‌കാരം നേടി.
എം മഞ്ജു (കഥ: തലപ്പന്ത്), എം.ഡി രാജേന്ദ്രന്‍ (കവിത: ശ്രാവണബളഗോള), അനില്‍കുമാര്‍ ആലത്തുപറമ്പ് (നാടകം: മഹായാനം), റഫീഖ് മംഗലശ്ശേരി (കിത്താബ്), ജി. ശ്രീകണ്ഠന്‍ (ബാലസാഹിത്യം: മുതലക്കെട്ട്), പായിപ്ര രാധാകൃഷ്ണന്‍ (സല്‍ക്കഥകള്‍), എം. ജയരാജ് (വിജ്ഞാന സാഹിത്യം: വൈക്കം സത്യഗൃഹ രേഖകള്‍), എം.കെ. പീതാംബരന്‍ (മതം, മാനവികത, മാര്‍ക്സിസം) എന്നിവര്‍ക്കാണ് അബുദാബി ശക്തി അവാര്‍ഡുകള്‍.
എം. വി. ജനാര്‍ദ്ദനന്റെ പെരുമലയന്‍, കെ.ആര്‍. അജയന്റെ സൂക്കോ കടന്ന് വടക്ക് കിഴക്ക്, ഗിരിജ പ്രദീപിന്റെ നക്ഷത്രങ്ങള്‍ക്കിടയില്‍ മിന്നാമിനുങ്ങ് എന്നീ കൃതികള്‍ പ്രത്യേക പുരസ്‌കാരങ്ങള്‍ നേടി.
കവിത, നോവല്‍, ചെറുകഥ, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം, നാടകം എന്നീ ശാഖകളില്‍ പെടുന്ന കൃതികള്‍ക്കാണ് അബുദാബി ശക്തി അവാര്‍ഡ് നല്‍കിവരുന്നത്.