അബുദാബി- ബഹ്‌ലൂല്‍ ഗുണ്ടാ സംഘം എന്നറിയപ്പെട്ട സംഘടിത ക്രിമിനല്‍ ഗ്രൂപ്പിലെ അംഗങ്ങളെ കുറ്റക്കാരെന്ന് കണ്ടെത്തി അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതി സ്റ്റേറ്റ് സെക്യൂരിറ്റി ചേംബര്‍ ശിക്ഷിച്ചു. 18 പ്രതികള്‍ക്ക് ജീവപര്യന്തം തടവും 46 പ്രതികള്‍ക്ക് 15 വര്‍ഷം വീതം തടവും 16 പ്രതികള്‍ക്ക് അഞ്ചു വര്‍ഷം വീതം തടവും പത്തു ലക്ഷം ദിര്‍ഹം പിഴയുമാണ് കോടതി വിധിച്ചത്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത പണം, സ്വത്തുക്കള്‍, വാഹനങ്ങള്‍, ആയുധങ്ങള്‍ എന്നിവ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ഏതാനും പ്രതികളെ കുറ്റവിമുക്തരാക്കി.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ഗുണ്ടാ പിരിവിലൂടെ നിയമവിരുദ്ധമായി പണം സ്വരൂപിക്കാനും അംഗങ്ങള്‍ക്കിടയില്‍ വരുമാനം വിതരണം ചെയ്യാനുമായി ബഹ്‌ലൂല്‍ ഗാങ് എന്ന് സ്വയം പേരിട്ട സംഘത്തിന് പ്രതികള്‍ രൂപംനല്‍കുകയായിരുന്നു. ചില മേഖലകളില്‍ അവര്‍ ആധിപത്യം സ്ഥാപിക്കുകയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തങ്ങളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുകയും ഇരകളെ വിരട്ടാനും ഭയം വളര്‍ത്താനും നിരോധിത ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിക്കുകയും ചെയ്തിരുന്നു. ബലപ്രയോഗത്തിലൂടെ ഇരകളില്‍ നിന്ന് പണം തട്ടിയെടുക്കുന്നതില്‍ ഏര്‍പ്പെട്ട സംഘം നിയമവിരുദ്ധ വരുമാനത്തിന്റെ ഉറവിടങ്ങള്‍ മറച്ചുവെക്കാന്‍ കള്ളപ്പണം വെളുപ്പിക്കലിലും ഏര്‍പ്പെട്ടതായി തെളിഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group