അബുദാബി– ആപ്പ് അധിഷ്ഠിത പ്രാമാണീകരണത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി, യുഎഇയിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖ ബാങ്കുകൾ കാർഡ് വഴിയുള്ള ഓൺലൈൻ പർച്ചേസുകൾക്ക് ഒറ്റത്തവണ പാസ്‌വേഡുകൾ (ഒടിപി) ടെക്സ്റ്റ് സന്ദേശം വഴി അയയ്ക്കുന്നത് നിർത്തുമെന്ന് ഉപഭോക്താക്കളെ അറിയിച്ചു തുടങ്ങി. ഈ ആഴ്ച ഉപഭോക്താക്കൾക്ക് അയച്ച സന്ദേശങ്ങൾ പറയുന്നത്, ഓൺലൈൻ പണമിടപാടുകൾക്കായി എസ്എംഎസ് വഴി ഒ.ടി.പികൾ അയക്കുന്നത് ക്രമേണ കുറച്ചുകൊണ്ടുവരാനുള്ള യു.എ.ഇ സെൻട്രൽ ബാങ്ക് നിർദേശപ്രകാരമാണ് നടപടി സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സൈബർ തട്ടിപ്പുകാരിൽ നിന്ന് പൊതുജനങ്ങളെ രക്ഷിക്കുകയെന്നതാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം. എസ്എംഎസിന് പകരമായി ബാങ്കിൻ്റെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ ഇനിമുതൽ ഓൺലൈൻ പണമിടപാടുകൾ നടത്താം.ഇത് സംബന്ധിച്ച് വിവിധ ബാങ്കുകൾ ഉപഭോക്താക്കൾക്ക് മെസേജുകൾ അയച്ചിട്ടുണ്ട്.
2026 ജനുവരി 6 മുതലാണ് പുതിയ സംവിധാനം നിലവിൽ വരിക.രാജ്യത്തെ ബാങ്കുകൾ നിന്ന് ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കാൻ ഒ.ടി.പി മെയിലിലും എസ്.എം.എസായും ലഭിക്കുന്ന പതിവ് അവസാനിപ്പിക്കുന്ന പ്രക്രിയ കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ചിരുന്നു.
വർഷങ്ങളായി ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷയ്ക്കായി എസ്എംഎസ് സന്ദേശങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ സൈബർ തട്ടിപ്പുകൾ വർദ്ധിച്ചതോടെ എസ്എംഎസ് സംവിധാനത്തിലെ പോരായ്മകൾ വർധിച്ചുവന്നു. മൊബൈൽ ആപ്പുകൾ വഴിയുള്ള സുരക്ഷാ സംവിധാനങ്ങളിലേക്ക് മാറുന്നതിലൂടെ, യുഎഇയിലെ പൗരന്മാരുടെയും താമസക്കാരുടെയും സമ്പാദ്യം സംരക്ഷിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
എസ്എംഎസ് ഒടിപിക്ക് പകരം ഇനിമുതൽ ബാങ്കിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് വഴിയായിരിക്കും ഇടപാടുകൾ സ്ഥിരീകരിക്കേണ്ടത്. ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിച്ച് കൂടുതൽ സുരക്ഷിതമായി പണമിടപാടുകൾ നടത്താം. ബാങ്കിന്റെ മൊബൈൽ ആപ്പ് ഫോണിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.



