അബുദാബി– 2026 ടി20 ലോകകപ്പിനുള്ള 15 അംഗ കരുത്തുറ്റ ടീമിനെ യുഎഇ പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങളുടെ തിരിച്ചുവരവും പരിശീലക നിരയിലെ വമ്പൻ മാറ്റങ്ങളുമാണ് ഇത്തവണത്തെ പ്രത്യേകത. പരിചയസമ്പന്നനായ മുഹമ്മദ് വസീം നയിക്കുന്ന ടീമിലേക്ക് ഓൾറൗണ്ടർ ധ്രുവ് പരാശറും ഓപ്പണർ മയങ്ക് കുമാറും തിരിച്ചെത്തി. ഏഷ്യ കപ്പിലെ മികച്ച പ്രകടനമാണ് ധ്രുവിന് തുണയായതെങ്കിൽ, ക്വാളിഫയർ റൗണ്ടിലെ ബൗളിംഗ് മികവാണ് മയങ്കിന് വഴിതുറന്നത്. അതേസമയം, അയർലൻഡിനെതിരായ പരമ്പരയിലെ നിരാശാജനകമായ പ്രകടനത്തെത്തുടർന്ന് ബാസിൽ ഹമീദ്, രാഹുൽ ചോപ്ര എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കി.
കഴിഞ്ഞ ലോകകപ്പിൽ കളിച്ച മുഹമ്മദ് വസീം, അലിഷാൻ ഷറഫു, ജുനൈദ് സിദ്ധിഖ് എന്നിവരൊഴികെ ബാക്കിയുള്ളവർ പുതുമുഖങ്ങളാണ്. മുൻ ഇന്ത്യൻ താരം ലാൽചന്ദ് രാജ്പുത് മുഖ്യ പരിശീലകനായ ടീമിൽ, മുൻ പാകിസ്ഥാൻ താരം യാസിർ അറഫാത്ത് ബൗളിംഗ് കോച്ചായും സിംബാബ്‌വെയുടെ സ്റ്റാൻലി ചിയോസ ഫീൽഡിംഗ് കോച്ചായും പ്രവർത്തിക്കും. മികച്ച പരിശീലക നിരയുടെ കീഴിൽ ലോകകപ്പിൽ അട്ടിമറി വീര്യവുമായാണ് യുഎഇ എത്തുന്നത്.
ഗ്രൂപ്പ് ഡിയിൽ ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, കാനഡ എന്നിവർക്കൊപ്പമാണ് യുഎഇയുടെ സ്ഥാനം. ഫെബ്രുവരി 10-ന് ചെന്നൈയിൽ ന്യൂസിലൻഡിനെതിരെയാണ് അവരുടെ ആദ്യ അങ്കം. തുടർന്ന് കാനഡ, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നിവരെയും നേരിടും. ലോകകപ്പിന് മുന്നോടിയായി നേപ്പാൾ, ഇറ്റലി എന്നീ ടീമുകൾക്കെതിരെ സന്നാഹ മത്സരങ്ങളും യുഎഇ കളിക്കുന്നുണ്ട്.



