യുഎഇ-ഒമാൻ റെയിൽവേ (ഹഫീത് റെയിൽ)
അബുദാബി: യുഎഇക്കും ഒമാനിനും ഇടയിൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള പദ്ധതി പ്രായോഗിക ഘട്ടത്തിലേക്ക്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെയിൽവേ പദ്ധതിക്കായി പ്രധാന നടപടികൾ സ്വീകരിച്ചതായി ഹഫീത് റെയിൽ റെയിൽവേ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
മെഗാ പ്രോജക്റ്റ് – ഇപ്പോൾ ഹഫീത് റെയിൽ എന്ന പേരിലാണ് അറിയപ്പെടുന്നത്. നേരത്തെ ഇത് ‘ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി’ എന്നാണനറിയപ്പെട്ടിരുന്നത്.
ഒരു ടീമായി പ്രവർത്തിക്കുന്ന യുഎഇ, ഒമാനി കമ്പനികൾക്ക് പങ്കാളിത്ത കരാറുകളിൽ ഒപ്പുവെച്ചതായും പ്രധാന കരാറുകൾ നൽകിയതായും ഹഫീത് റെയിൽ സിഇഒ അഹമ്മദ് അൽ മുസാവ അൽ ഹാഷിമി പറഞ്ഞു.
അബുദാബിയിലെ അൽ വത്ബ ഏരിയ മുതൽ ഒമാനി നഗരം, സൊഹാർ തുറമുഖം വരെയുള്ള റെയിൽ പാതയുടെ മനോഹരമായ റൂട്ടിൽ നിന്നാണ് പുതിയ ബ്രാൻഡ് ഉരുത്തിരിഞ്ഞത്. ജബൽ ഹഫീത്തിനോട് ചേർന്ന് ഓടുന്ന തീവണ്ടികൾ മരുഭൂമിയും പർവത, താഴ്‌വര പ്രദേശങ്ങളിലൂടെ യാത്രക്കാരെ കൊണ്ടുപോകും.
അബുദാബിയിൽ നടക്കുന്ന യുഎഇ-ഒമാൻ ബിസിനസ് ഫോറത്തിൻ്റെ ഭാഗമായി എമിറേറ്റ്‌സ് ന്യൂസ് ഏജൻസിയോട് (WAM) സംസാരിച്ച അൽ ഹാഷെമി, പദ്ധതി സാമ്പത്തികവും സാമൂഹികവുമായ നിരവധി നേട്ടങ്ങൾ നൽകുമെന്ന് പറഞ്ഞു.
സുരക്ഷയുടെ കാര്യത്തിൽ ഉയർന്ന കാര്യക്ഷമതയോടെയാണ് റെയിൽവേ പ്രവർത്തിക്കുന്നതെന്നും പാരിസ്ഥിതികമായി ഏറ്റവും സുസ്ഥിരമായ ഗതാഗത മാർഗമാണ് ഹഫീത് റെയിൽവേയെന്നും അദ്ദേഹം എടുത്തുപറഞ്ഞു.