ദുബൈ– ഒന്നാം തരത്തിലെ കൊച്ചു കുട്ടികൾ മുതൽ സൈബർ ലോകത്തെ അടുത്തറിയാൻ പ്രാപ്തരാക്കുന്ന നീക്കവുമായി യുഎഇ. സ്‌കൂളുകളിൽ ഇനി സൈബർ സുരക്ഷയും പാഠ്യവിഷയമാക്കുമെന്നും 2025-26 അധ്യയന വർഷം മുതൽ ഒന്നുമുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള ദേശീയ പാഠ്യപദ്ധതിയിൽ സൈബർ സുരക്ഷ ഒരു വിഷയമായി ഉൾപ്പെടുത്തിയെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്തെ സുരക്ഷിതമായി നയിക്കാൻ കുട്ടികളെ പ്രാപ്തരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്‌കൂൾ തലങ്ങളിൽ സൈബർ സുരക്ഷ പാഠ്യവിഷയമാക്കുന്നത്.
ഡിജിറ്റൽ സുരക്ഷയെയും സൈബർ സുരക്ഷയെയും അഭിസംബോധന ചെയ്യുന്ന ഇംഗ്ലീഷിലുള്ള പ്രത്യേക അധ്യാപന ഗൈഡുകൾ വഴിയായിരിക്കും അധ്യായനം. ആധുനിക സാങ്കേതികവിദ്യയും ഇന്റർനെറ്റും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ സൈദ്ധാന്തികവും പ്രായോഗികവുമായ പഠനരീതികൾ സജ്ജമാക്കുമെന്നും വ്യക്തമായതും ശാസ്ത്രീയവുമായ ചട്ടക്കൂടിന്റെ ഭാഗമായാണ് പാഠ്യപദ്ധതിയെന്നും മന്ത്രാലയം വ്യക്തമാക്കി. ഒന്നാം ക്ലാസിൽ വിദ്യാർത്ഥികൾ ഓൺലൈനിൽ സുരക്ഷിതരായിരിക്കേണ്ട അടിസ്ഥാനകാര്യങ്ങൾ. 2, 3 ക്ലാസുകളിൽ ഡിജിറ്റൽ ലോകം എന്ന ആശയവും പഠിപ്പിക്കും. ഇന്റർനെറ്റ് എന്താണെന്നും ഇതേ ക്ലാസ്സിൽ പഠിപ്പിക്കും. നാലാം ക്ലാസുകാർക്ക് ഒരു സ്ട്രീം പ്രോജക്ടും പ്രായോഗിക പരിശീലനവുമാണ് ഉണ്ടാവുക.
5 മുതൽ 8 വരെ ക്ലാസുകളിൽ ഓൺലൈൻ സുരക്ഷ, സൈബർ സുരക്ഷ എന്നിവ സംരക്ഷിക്കാനുള്ള നടപടികൾ കൂടുതൽ ആഴത്തിൽ പരിശീലിപ്പിക്കും. ഡിജിറ്റൽ ലോകത്ത് സുരക്ഷിത പെരുമാറ്റം എങ്ങിനെ എന്നും ഡിജിറ്റൽ അപകടസാധ്യതകൾ എന്തൊക്കെ എന്നും വിദ്യാർത്ഥികളിൽ അവബോധം ശക്തിപ്പെടുത്താൻ പ്രായോഗിക പരിശീലനങ്ങളിലൂടെ കഴിയും.
ഹൈസ്‌കൂൾ വിദ്യാർത്ഥികൾ (9-12 ക്ലാസുകൾ) കൂടുതൽ വിപുലമായ മേഖലയിലായിരിക്കും പഠനം നടത്തുക. നെറ്റ്വർക്കുകളും ഇന്റർനെറ്റും പഠിക്കും. 12-ാം ക്ലാസിൽ ‘സൈബർ സുരക്ഷ’ ഗൈഡ് കൂടുതൽ ആഴത്തിലുള്ള പഠനത്തിനും അനുബന്ധ മേഖലകളിലെ ജോലിക്കും തയ്യാറാക്കുമെന്നും അധികൃതർ വിശദീകരിച്ചു. ഡിജിറ്റൽ ഭീഷണികളെക്കുറിച്ചുള്ള അവബോധവും അവ പരിഹരിക്കാനുള്ള മാർഗങ്ങളും ഇതോടൊപ്പം പഠിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഓരോ ഘട്ടത്തിനും അനുയോജ്യമായ രീതിയിലാണ് ഉള്ളടക്കവും പഠന രീതിയും എന്നത് ഏറെ ആകർഷകമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.