റാസൽഖൈമ: വളരെ നല്ല നിലയിൽ മുന്നോട്ടു പോകുന്ന ബിസിനസിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻഇന്ത്യൻ ബിസിനസ് പങ്കാളിക്കെതിരെ വ്യാജ മയക്കുമരുന്ന് കേസ് ആസൂത്രണം ചെയ്തതിന് യു.എ.ഇ പൗരനും കുടുംബാംഗങ്ങൾക്കും ദീർഘകാല തടവ് ശിക്ഷ.
യു.എ.ഇ പൗരനും ഭാര്യക്കും പത്തു വർഷം തടവും 50,000 ദിർഹം പിഴയും ഗൂഢാലോചന നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഭാര്യയുടെ സഹോദരന് 15 വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും റാസൽഖൈമ ക്രിമിനൽ കോടതി വിധിച്ചു.
ഗണ്യമായ ലാഭത്തോടെ അതിവേഗം വളരുന്ന ബിസിനസ്സ് നടത്തിക്കൊണ്ടിരുന്ന ഇന്ത്യൻ ബിസിനസ് പങ്കാളിയെ ഇല്ലാതാക്കാൻ ഭാര്യയുടെ സ്വാധീനത്താൽ യു.എ.ഇ പൗരൻ പദ്ധതി ആവിഷ്‌കരിക്കുകയായിരുന്നെന്ന് അന്വേഷണങ്ങളിൽ കണ്ടെത്തി. വളരെ ലാഭകരമായ സംരംഭത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ച് പങ്കാളിക്കെതിരെ മയക്കുമരുന്ന് കൈവശം വെച്ചെന്ന കുറ്റം കെട്ടിച്ചമക്കാൻ ദമ്പതികൾ തീരുമാനിച്ചു.
ഇതനുസരിച്ച് ഇന്ത്യൻ പാർട്ണറുടെ വാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിക്കാൻ മയക്കുമരുന്ന് ഉപയോഗ ചരിത്രമുള്ള അളിയന്റെ സഹായം യു.എ.ഇ പൗരൻ തേടി. തുടർന്ന് യു.എ.ഇ പൗരൻ തന്റെ ബിസിനസ് പങ്കാളിയെ കുറിച്ച് പോലീസിൽ റിപ്പോർട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ അധികൃതർ വാഹന പരിശോധന നടത്തുകയും ഇന്ത്യൻ ബിസിനസുകാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇന്ത്യൻ പാർട്ണറിൽ നടത്തിയ മയക്കുമരുന്ന് പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയിരുന്നു. ഇത് സാഹചര്യങ്ങൾ കൂടുതൽ ആഴത്തിൽ പരിശോധിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചു. ചോദ്യം ചെയ്യലിൽ പാർട്ണറായ യു.എ.ഇ സ്വദേശിയുമായി ബിസിനസ് തർക്കങ്ങളുള്ളതായി ഇന്ത്യക്കാരൻ വെളിപ്പെടുത്തി. പാർട്ണർഷിപ്പ് അവസാനിപ്പിക്കാനും എല്ലാ ലാഭവും പിടിച്ചെടുക്കാനും യു.എ.ഇ പൗരൻ നടത്തിയ ശ്രമങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ത്യക്കാരൻ വെളിപ്പെടുത്തി. ഇത് സമഗ്രമായ അന്വേഷണത്തിലേക്ക് നയിച്ചു.
മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് പ്രതികൾ ഇന്ത്യക്കാരനെ മയക്കുമരുന്ന് കേസിൽ കരുതിക്കൂട്ടി കുടുക്കുകയായിരുന്നെന്ന് വ്യക്തമായി. ശക്തമായ തെളിവുകളുടെ പിൻബലത്തോടെ നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യയുടെയും ഭാര്യാ സഹോദരന്റെയും സഹായത്തോടെ ഇന്ത്യക്കാരനെ മയക്കുമരുന്ന് കേസിൽ കരുതിക്കൂട്ടി കുടുക്കുകയായിരുന്നെന്ന് യു.എ.ഇ പൗരൻ കുറ്റസമ്മതം നടത്തി. തെളിവുകൾ കെട്ടിച്ചമച്ചതിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി മൂന്നു പേരെയും കോടതി ശിക്ഷിക്കുകയായിരുന്നു.