അബുദാബി- സൊമാലിയൻ തീരത്ത് ഹൈജാക്ക് ചെയ്യപ്പെട്ട എണ്ണ ടാങ്കർ മോചിപ്പിക്കുന്നതിനിടെ ജീവനക്കാരെ കൊലപ്പെടുത്തുകയും പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. ഈ ക്രിമിനൽ പ്രവൃത്തികൾ സമുദ്ര സുരക്ഷക്കും അന്താരാഷ്ട്ര വ്യാപാര പാതകളുടെ സുരക്ഷക്കും ഗുരുതരമായ ഭീഷണിയാണെന്ന് യു.എ.ഇ വിദേശ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇരകളുടെ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച മന്ത്രാലയം, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. വാണിജ്യ കപ്പലുകളും ജീവനക്കാരുടെ സുരക്ഷയും ഉറപ്പാക്കാൻ പ്രാദേശിക, അന്തർദേശീയ സഹകരണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും യു.എ.ഇ ആവർത്തിച്ചു.
മൊഗാദിഷുവിലേക്ക് 18,500 ബാരൽ എണ്ണ കൊണ്ടുപോകുന്നതിനിടെ, സൊമാലിയ തീരത്തുനിന്ന് ഏകദേശം 30 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ആറ് സായുധ സൊമാലിയൻ കടൽക്കൊള്ളക്കാർ 2026 ഏപ്രിൽ 21 ന് ‘എം.ടി ഹോണർ 25’ ഹൈജാക്ക് ചെയ്തത്. പാകിസ്ഥാൻ, ഇന്ത്യ, മ്യാൻമർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 19 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. അഞ്ച് മാസത്തിലേറെയായി ബന്ദികളാക്കപ്പെട്ട ജീവനക്കാർ കടുത്ത പട്ടിണിയിലും ശുദ്ധമായ കുടിവെള്ളമില്ലാതെയുമാണ് അതിജീവിച്ചത്. മോചനദ്രവ്യമായി 30 ലക്ഷം ഡോളറാണ് കടൽക്കൊള്ളക്കാർ ആവശ്യപ്പെട്ടിരുന്നത്.
കപ്പൽ വീണ്ടെടുക്കാൻ പണ്ട്‌ലാൻഡ് മാരിടൈം പോലീസ് സേന 2026 സെപ്റ്റംബർ 29 ന് തന്ത്രപരമായ ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു. എന്നാൽ സുരക്ഷാ സേന കപ്പൽ തിരിച്ചെടുക്കുന്നതിന് തൊട്ടുമുമ്പ് കടൽക്കൊള്ളക്കാർ അഞ്ച് ജീവനക്കാരെ ക്രൂരമായി വധിച്ചു. മൂന്ന് പാകിസ്ഥാനികളും ഒരു ഇന്ത്യക്കാരനും ഒരു മ്യാൻമർകാരനുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പതിനാറ് കടൽക്കൊള്ളക്കാരെ സുരക്ഷാ സേന പിടികൂടുകയും കപ്പൽ പ്രാദേശിക അധികാരികൾ സുരക്ഷിതമാക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







