അബുദാബി– രാജ്യത്തെ കറൻസി നോട്ടുകൾക്ക് കേടുവരുന്ന രീതിയിലുള്ള എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാനും, കറൻസി നോട്ടുകൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യാനും സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) പൊതുജനങ്ങളോട് നിർദ്ദേശിച്ചു. ദേശീയ കറൻസിയെ “നമ്മുടെ പരമാധികാരത്തിന്റെ പ്രതീകവും നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ ഒരു തൂണും” ആയി വിശേഷിപ്പിച്ച സെൻട്രൽ ബാങ്ക് നോട്ടുകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. കറൻസി നോട്ടുകൾ സംരക്ഷിക്കുന്നത് ദേശീയ സ്വത്വം സംരക്ഷിക്കുന്നതിന് തുല്യമാണെന്നും, അത് സമ്പദ്‌വ്യവസ്ഥയിലുള്ള പൊതുജന വിശ്വാസം ശക്തിപ്പെടുത്തുമെന്നും ഊന്നിപ്പറഞ്ഞു.
കറൻസി നോട്ടുകൾ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ഇതിനായുള്ള ഏതാനം മാർഗ്ഗനിർദ്ദേശങ്ങൾ പങ്ക് വെക്കുകയും ചെയ്തു. കറൻസി നോട്ടുകൾ കീറുക, കേടുവരുത്തുക, വികലമാക്കുക മുതലായ പ്രവർത്തനങ്ങൾ ഒഴിവാക്കേണ്ടതാണ്. കറൻസി നോട്ടുകൾ മടക്കുകയോ, ചുരുട്ടുകയോ, സ്റ്റാപ്പിൾ ചെയ്യുകയോ, മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നതും ഒഴിവാക്കേണ്ടതാണ്. ദ്രാവകങ്ങൾ, ഉയർന്ന താപനില, പശകൾ എന്നിവയിൽ നിന്ന് കറൻസി നോട്ടുകൾ സംരക്ഷിക്കണം. കറൻസി നോട്ടുകളിൽ എഴുതുന്നത് ഒഴിവാക്കണമെന്നും ഇവർ വ്യക്തമാക്കി.
കേടായതും, കീറിയതും, മലിനമായതുമായ കറൻസി നോട്ടുകൾ മാറ്റിയെടുക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദേശങ്ങളും സെൻട്രൽ ബാങ്ക് പങ്ക് വെച്ചിട്ടുണ്ട്. കേടായതും, കീറിയതും, മലിനമായതുമായ കറൻസി നോട്ടുകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നിബന്ധനകൾ CBUAE ചൂണ്ടിക്കാട്ടി.
കേടായ ബാങ്ക് നോട്ടിന്റെ മൂന്നിൽ രണ്ട് ഭാഗവും കേടുപറ്റാത്ത രീതിയിൽ കൈവശമുള്ള സാഹചര്യത്തിൽ ഉപഭോക്താവിന് ആ നോട്ടിന്റെ മുഴുവൻ മൂല്യവും നഷ്ടപരിഹാരമായി ലഭിക്കുന്നതാണ്. കേടായ ബാങ്ക് നോട്ടിന്റെ മൂന്നിലൊന്നിലധികവും, എന്നാൽ മൂന്നിൽ രണ്ട് ഭാഗത്തിൽ താഴെയും കേടുപറ്റാത്ത രീതിയിൽ കൈവശമുള്ള സാഹചര്യത്തിൽ ഉപഭോക്താവിന് ആ നോട്ടിന്റെ മൂല്യത്തിന്റെ പകുതി തുകയായിരിക്കും നഷ്ടപരിഹാരമായി ലഭിക്കുന്നത്. കേടായ ബാങ്ക് നോട്ടിന്റെ മൂന്നിലൊന്നിൽ താഴെ മാത്രം കൈവശമുള്ള സാഹചര്യത്തിൽ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കുന്നതല്ല. യു എ ഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയിട്ടുള്ള ഔദോഗിക ബാങ്ക് നോട്ടുകൾ മാത്രമാണ് ഈ നിബന്ധനകൾ പ്രകാരം മാറ്റിയെടുക്കാൻ അനുവദിക്കുന്നത്. ഓരോ കറൻസി നോട്ടിന്റെയും ആധികാരികത, നിലവിലെ അവസ്ഥ എന്നിവ പരിശോധിച്ച ശേഷം മാത്രമാണ് നഷ്ടപരിഹാരത്തുക അനുവദിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.



