അബുദാബി: ദേശീയ വസ്ത്രം ധരിച്ച് പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്ന് വിദേശികളെ വിലക്കുന്ന തീരുമാനം യു.എ.ഇ അധികൃതർ പുറപ്പെടുവിച്ചു. യു.എ.ഇ ദേശീയ വസ്ത്രം ധരിച്ച് പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഏതൊരാളും യു.എ.ഇ പൗരനായിരിക്കണമെന്ന് പുതിയ തീരുമാനം വ്യക്തമാക്കുന്നതായി നാഷണൽ മീഡിയ ഓഫീസ് ചെയർമാനും എമിറേറ്റ്‌സ് മീഡിയ കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ മുഹമ്മദ് ആലുഹാമിദ് പറഞ്ഞു.
യു.എ.ഇ ഭാഷാശൈലിയുടെയോ വസ്ത്രധാരണത്തിന്റെയോ ഉപയോഗം നിയന്ത്രിക്കാനല്ല ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. മറിച്ച്, പൊതു അഭിരുചി രൂപപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്തുന്നവരുടെ വർധിച്ചുവരുന്ന പങ്കിന്റെ പശ്ചാത്തലത്തിൽ യു.എ.ഇ ഭാഷാശൈലിയുടെയും വസ്ത്രധാരണത്തിന്റെയും സാംസ്‌കാരിക പദവി സംരക്ഷിക്കുന്ന മാനദണ്ഡങ്ങളുടെ ഭാഗമായി അവയുടെ ഫ്രെയിമിംഗ് രൂപപ്പെടുത്താനാണ് ശ്രമിക്കുന്നത്.
നമ്മുടെ പൈതൃകത്തിന്റെ സത്ത സംരക്ഷിക്കാനും യു.എ.ഇ സമൂഹത്തിന്റെ മനസിൽ അതിന്റെ സ്ഥാനത്തിന് അനുയോജ്യമായ രീതിയിൽ പൈതൃകം അവതരിപ്പിക്കാനുമുള്ള ആഹ്വാനമാണ് ഈ തീരുമാനം ഉൾക്കൊള്ളുന്നതെന്നും അബ്ദുല്ല ബിൻ മുഹമ്മദ് ആലുഹാമിദ് പറഞ്ഞു.
യു.എ.ഇയിൽ സ്വദേശികളല്ലാത്തവർ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് യു.എ.ഇ ശൈലിയിൽ സംസാരിക്കുന്നതും യു.എ.ഇ വിലക്കിയിട്ടുണ്ട്. ഇതനുസരിച്ച് ചാനലുകളിൽ യു.എ.ഇ ശൈലിയിൽ സംസാരിക്കാൻ യു.എ.ഇ പൗരന്മാർക്ക് മാത്രമാണ് അനുമതിയുള്ളത്. ചില മാധ്യമങ്ങളിൽ യു.എ.ഇ ഭാഷാശൈലിയും സാംസ്‌കാരിക ചിഹ്നങ്ങളും വളച്ചൊടിക്കപ്പെടുന്നതാണ് സ്വദേശികളല്ലാത്തവർ യു.എ.ഇ ശൈലയിൽ ചാനലുകളിൽ സംസാരിക്കുന്നത് വിലക്കാൻ കാരണം.
പദ്ധതികളെ കുറിച്ച് സ്വദേശികളല്ലാത്തവരും ദേശീയ വസ്ത്രം ധരിക്കാത്തവരുമായ ആരും ചാനൽ പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കാൻ പാടില്ല എന്ന പുതിയ നയം മൂന്നു മാസം മുമ്പ് നടപ്പാക്കിയതായി അബ്ദുല്ല ബിൻ മുഹമ്മദ് ആലുഹാമിദ് പറഞ്ഞു. യു.എ.ഇ സമൂഹത്തിന്റെ ശരിയായ ഐഡന്റിറ്റി മറ്റുള്ളവരിൽ എത്തിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നിയന്ത്രണം നടപ്പാക്കിയതെന്നും അബ്ദുല്ല ബിൻ മുഹമ്മദ് ആലുഹാമിദ് വ്യക്തമാക്കി.