ദുബൈ– യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ‘കേവ്സ്’ എന്നറിയപ്പെടുന്ന ബഹിരാകാശ അനുകരണ പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കി യുഎഇ ബഹിരാകാശ യാത്രികൻ മുഹമ്മദ് അൽ മുല്ല.
ബഹിരാകാശ ദൗത്യങ്ങളുടെ വെല്ലുവിളികൾ അനുഭവിക്കാൻ അവസരം നൽകുന്ന പരിശീലനം ഭൂഗർഭ ഗുഹകളിലൂടെയായിരുന്നുവെന്ന് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം അറിയിച്ചു.
ഇറ്റലിയിലെ മൊലിസ്, കാംപാനിയ പ്രവിശ്യകളിൽ രണ്ടാഴ്ച നീണ്ട പരിശീലനത്തിൽ യൂറോപ്യൻ, അമേരിക്കൻ, ജാപ്പനീസ് ബഹിരാകാശ ഏജൻസികളിലെ യാത്രികരും പങ്കെടുത്തു.
അത്യന്തം പ്രതിസന്ധിയുള്ള സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ ആവശ്യമായ കൂട്ടായ പ്രവർത്തനം, നേതൃത്വം, അടിയന്തിരതീരുമാനമെടുക്കൽ തുടങ്ങിയ കഴിവുകൾ വളർത്താൻ ലക്ഷ്യമിട്ടാണ് പരിശീലനം. പലദിവസങ്ങളായി ഗുഹകളിൽ പൂർണമായി ഒറ്റപ്പെട്ട നിലയിൽ ജീവിച്ചും പ്രവർത്തിച്ചുമാണ് മുഹമ്മദും സംഘവും പരിശീലനം പൂർത്തിയാക്കിയത്. സ്വകാര്യതയുടെ അഭാവം, സാങ്കേതിക നിയന്ത്രണങ്ങൾ, പരിമിതമായ വിഭവങ്ങൾ എന്നിവയുള്ള ബഹിരാകാശ ദൗത്യങ്ങളുമായി സാമ്യമുള്ളസാഹചര്യങ്ങളിലായിരുന്നു ഇവരുടെ താമസവും പ്രവർത്തനവും.
ശാസ്ത്രീയ ഗവേഷണം, ഭൂപടരേഖാചിത്രണം, ഗുഹാന്വേഷണം തുടങ്ങിയ മേഖലകളിലും പരിശീലനം നടന്നു. ആശയവിനിമയം, സമ്മർദ്ദ നിയന്ത്രണം തുടങ്ങിയ കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് ഈ പരിശീലനം സഹായകമായതായി വിലയിരുത്തുന്നു. ഭാവിയിലെ യുഎഇ ബഹിരാകാശ ദൗത്യങ്ങൾക്കും ആഗോള സഹകരണത്തിനും ഈ അനുഭവം ഗുണകരമാകുമെന്നും മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം അറിയിച്ചു.