റിയാദ്– സൗജന്യ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കായി ടാന്‍സാനിയയില്‍ നിന്ന് രണ്ടു സയാമിസ് ഇരട്ടകള്‍ കൂടി ഇന്ന് റിയാദിലെത്തി. ഇതോടെ വേര്‍പ്പെടുത്തല്‍ ഓപ്പറേഷനായി മണിക്കൂറുകള്‍ക്കിടെ സൗദിയില്‍ എത്തിയ സയാമിസ് ഇരട്ടകളുടെ എണ്ണം മൂന്നായി. ഉടല്‍ ഒട്ടിപ്പിടിച്ച നിലയില്‍ പിറന്നുവീണ ഫിലിപ്പിനോ സയാമിസ് ഇരട്ടകളായ ഒലിവിയയെയും ഗിയാനയെയും മാതാപിതാക്കള്‍ക്കൊപ്പം ഇന്ന് പുലര്‍ച്ചെ റിയാദില്‍ എത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടാന്‍സാനിയയില്‍ നിന്നുള്ള രണ്ടു സയാമിസ് ഇരട്ടകളെ കൂടി രക്ഷകര്‍ത്താക്കള്‍ക്കൊപ്പം റിയാദിലെത്തിച്ചത്. ഉടല്‍ ഒട്ടിപ്പിടിച്ച നിലയിലുള്ള നാന്‍സിയും നൈസും ടാന്‍സാനിയയില്‍ നിന്നു തന്നെയുള്ള സയാമിസ് ഇരട്ടകളായ ലൈറ്റിനെസും ലോവന്‍സും ആണ് ബന്ധുക്കള്‍ക്കൊപ്പം റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് സൗജന്യ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയകള്‍ക്കായി കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം റിയാദിലെത്തിച്ചത്. എത്തിയയുടനെ, ഇരട്ടകളെ പരിശോധനകള്‍ക്കും വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയക്കുള്ള സാധ്യത വിലയിരുത്താനുമായി നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലേക്ക് മാറ്റി. റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലും സയാമിസ് ഇരട്ടകള്‍ക്ക് വേര്‍പ്പെടുത്തല്‍ നടത്തുന്ന സൗദി പ്രോഗ്രാം മെഡിക്കല്‍, സര്‍ജിക്കല്‍ ടീം തലവനുമായ ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തിലാണ് കുട്ടികള്‍ക്ക് ഓപ്പറേഷന്‍ നടത്തുക. സയാമിസ് ഇരട്ടകളെ വേര്‍പ്പെടുത്താനുള്ള സൗദി പ്രോഗ്രാം കഴിഞ്ഞ 35 വര്‍ഷത്തിനിടെ 28 രാജ്യങ്ങളില്‍ നിന്നുള്ള സയാമിസ് ഇരട്ടകളെ വേര്‍പ്പെടുത്താന്‍ 67 ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിയിട്ടുണ്ട്



