അബൂദബി– ഡെലിവറി ബൈക്ക് റൈഡർമാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി അബൂദബി മൊബിലിറ്റി പുതിയ രണ്ട് വിശ്രമ കേന്ദ്രങ്ങൾ കൂടി തുറന്നു. അബൂദബിയിലെ റബ്ദാനിലും ശഖ്ബൂത് സിറ്റിയിലുമാണ് പുതിയ വിശ്രമകേന്ദ്രങ്ങൾ. നൂറു ശതമാനം സൗരോർജത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങളാണ് ഡെലിവറി ജീവനകാർക്കായി ഒരുക്കിയത്.
‘അപകടരഹിത വേനൽ ക്യാമ്പയിൻ’ പദ്ധതി പ്രകാരം അതോറിറ്റി ഓഫ് സോഷ്യൽ കോൺട്രിബ്യൂഷനുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കിയത്. കടുത്ത വേനലിൽ ജോലി ചെയ്യുന്ന റൈഡർമാർക്ക് ഈ കേന്ദ്രങ്ങൾ വലിയ ആശ്വാസമാകും.
ശീതീകരണ സംവിധാനങ്ങളോടുകൂടിയ വിശ്രമകേന്ദ്രങ്ങളിൽ തണുത്ത കുടിവെള്ളം, മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും ചാർജുചെയ്യാനായുള്ള സൗകര്യങ്ങളും ലഭ്യമാകും.
ഈ പുതിയ സൗകര്യങ്ങൾ റൈഡർമാരുടെ ദൈനംദിന തളർച്ച കുറയ്ക്കുകയും, സുരക്ഷിതമായി വാഹനമോടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് അബൂദബി മൊബിലിറ്റി അധികൃതർ വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ പദ്ധതികൾ ഗതാഗത മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നത്.