ജിദ്ദ: വിദേശങ്ങളിൽ നിന്ന് ഹജ് തീർത്ഥാടകരെ വിസിറ്റ് വിസയിൽ കൊണ്ടുവന്ന രണ്ടംഗ സംഘത്തെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന യെമനിയും സൗദി പൗരനുമാണ് അറസ്റ്റിലായത്.
ഹജുമായി ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ ലംഘിച്ച് വ്യാപാര സ്ഥാപനങ്ങളുമായി ഒത്തുകളിച്ചാണ് ഇരുവരും അനധികൃതമായി ഹജ് കർമം നിർവഹിക്കാൻ സൗകര്യമൊരുക്കാൻ വിദേശങ്ങളിലുള്ളവർക്കു വേണ്ടി വിസിറ്റ് വിസക്ക് അപേക്ഷ സമർപ്പിച്ചത്. നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ ഇരുവരെയും ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി ഹജ് സുരക്ഷാ സേന അറിയിച്ചു. വിസിറ്റ് വിസയിൽ സൗദിയിലെത്തിയ ശേഷം അനധികൃതമായി ഹജ് നിർവഹിക്കുകയെന്ന ലക്ഷ്യത്തോടെ മക്കയിൽ നിയമ വിരുദ്ധ കെട്ടിടത്തിൽ കൂട്ടത്തോടെ തങ്ങിയിരുന്ന വിദേശികളെ കഴിഞ്ഞ ദിവസം സുരക്ഷാ വകുപ്പുകൾ പിടികൂടിയിരുന്നു.
അനധികൃതമായി ഹജ് നിർവഹിച്ചോ നിർവഹിക്കാൻ ശ്രമിച്ചോ പിടിയിലാകുന്ന വിസിറ്റ് വിസക്കാർക്കും ദുൽഖഅദ് ഒന്നു മുതൽ ദുൽഹജ് 14 വരെയുള്ള കാലത്ത് മക്കയിൽ പ്രവേശിക്കുകയോ മക്കയിൽ താമസിക്കുകയോ ചെയ്യുന്ന വിസിറ്റ് വിസക്കാർക്കും വിസാ അപേക്ഷ സമർപ്പിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിയമ ലംഘകരായ വിസിറ്റ് വിസക്കാരുടെ എണ്ണത്തിനനുസരിച്ച് അവർക്ക് വിസകൾക്ക് അപേക്ഷിക്കുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തും.