ഷാർജ – ത്രിരാഷ്ട്ര പരമ്പരയിലെ മൂന്നാം മത്സരത്തിലും തോൽവി രുചിച്ച് യുഎഇ. പാകിസ്താനിനെതിരെ രണ്ടാമത്തെ മത്സരത്തിലും 31 റൺസിന് തന്നെയാണ് പരാജയപ്പെട്ടത്. ഇതോടെ കളിച്ച മൂന്നു മത്സരത്തിലും തോറ്റ യുഎഇ ഫൈനൽ കാണാതെ പുറത്താകുമെന്ന് ഉറപ്പായി.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഫഖർ സാമാൻ ( 44 പന്തിൽ 77 റൺസ്), മുഹമ്മദ് നവാസ് ( 27 പന്തിൽ 37 റൺസ്) എന്നിവരുടെ കരുത്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു.
മറുപടി ബാറ്റിംഗ് ഇറങ്ങിയ യുഎഇക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. ആതിഥേർക്കുവേണ്ടി ആകെ തിളങ്ങിയത് ഓപ്പണർ അലിഷാൻ ഷറഫു
( 51 പന്തിൽ 68 റൺസ് ) മാത്രമാണ്. എതിരാളികൾക്ക് അബ്രാർ അഹമ്മദ് നാലു ഓവറിൽ വെറും ഒമ്പത് റൺസ് വഴങ്ങി നാലു വിക്കറ്റുകൾ നേടി വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
ഇതോടെ സെപ്റ്റംബർ ഏഴിന് നടക്കുന്ന കലാശ പോരാട്ടത്തിൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുമെന്ന് ഉറപ്പായി. എങ്കിലും ഇന്ന് നടക്കുന്ന അഫ്ഗാനിസ്ഥാൻ – യുഎഇ പോരാട്ടത്തിൽ ജയത്തോടെ മടങ്ങാനാകും ആതിഥേയരുടെ ലക്ഷ്യം.