മനാമ– കരാർ ലംഘനം നടത്തിയ പ്രാദേശിക ട്രാവൽ ഏജൻസി മൂലം വിദേശത്ത് കുടുങ്ങിയ 30 ബഹ്റൈൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുട്ടികളുൾപ്പെടെയുള്ള കുടുംബങ്ങളാണ് ഇതിൽ ഉൾപ്പെട്ടത്. വിദേശത്തെ ഹോട്ടൽ ബുക്കിങ് ഉറപ്പാക്കാതിരുന്നതാണ് ട്രാവൽ ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് കാരണം.
പ്രശ്നം ശ്രദ്ധയിൽപ്പെട്ടയുടൻ ബഹ്റൈൻ എംബസിയുമായി സഹകരിച്ച് വേഗത്തിൽ നടപടികൾ സ്വീകരിച്ചതായി മന്ത്രാലയത്തിലെ കോൺസുലാർ സർവീസസ് മേധാവി ഇബ്രാഹിം അൽ മുസ്ലിമനി വ്യക്തമാക്കി. യാത്രക്കാർക്ക് ഒരു രാത്രി താമസിക്കാൻ സൗകര്യമൊരുക്കിയ ശേഷം അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാൻ ക്രമീകരണങ്ങൾ നടത്തി.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ബഹ്റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) കർശന നടപടികളുമായി മുന്നോട്ടുപോയി. കരാർ ലംഘിച്ച ട്രാവൽ ഏജൻസി അടച്ചുപൂട്ടുകയും ഉടമയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
വിശ്വസനീയവും അംഗീകൃതവുമായ ട്രാവൽ ഏജൻസികളുമായി മാത്രം ഇടപാടുകൾ നടത്തണമെന്ന് മന്ത്രാലയം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ഇത് ഭാവിയിൽ സമാന പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും അടിയന്തിര സാഹചര്യങ്ങളിൽ 17227555 എന്ന 24 മണിക്കൂർ കോൾ സെന്ററിൽ ബന്ധപ്പെടാമെന്നും മന്ത്രാലയം അറിയിച്ചു.