ജിദ്ദ– മൂന്നു വര്‍ഷത്തെ ജിദ്ദയിലെ ഔദ്യോഗിക സേവനം, അതില്‍ തന്നെ ഇന്ത്യന്‍ ഹജ് തീര്‍ഥാടകരുടെ യാത്ര, താമസം, ഹജ് നിര്‍വഹണം, തിരിച്ചുപോക്ക് എന്നീ കാര്യങ്ങളിലുള്ള സഫലമായ ഇടപെടല്‍ – ഔദ്യോഗികമായി തന്നെ ഏറെ സന്തോഷിപ്പിക്കുകയും സേവനകാലാവധി അര്‍ഥപൂര്‍ണമാക്കുകയും ചെയ്ത സംതൃപ്തിയോടെ ഡല്‍ഹി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലേക്കുള്ള മടക്കം, ദൈവത്തിന് സ്തുതി- ജിദ്ദയിലെ ഇന്ത്യന്‍ ഹജ് കോണ്‍സല്‍ മുഹമ്മദ് ജലീല്‍ ദ മലയാളം ന്യൂസിനോട് പറഞ്ഞു.
ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ റാങ്ക് ജേതാവും മലയാളിയുമായ മുഹമ്മദ് ജലീല്‍, ഈയാഴ്ച ജിദ്ദയോട് വിടവാങ്ങും. ഏറെ നല്ല ഓര്‍മകളുമായാണ് ജിദ്ദയിലെ കാലാവധി പൂര്‍ത്തിയാക്കുന്നതെന്നും കണ്ണൂര്‍ സ്വദേശിയായ ജലീല്‍ പറഞ്ഞു. തന്നെ പിന്തുണച്ച് എല്ലാ പ്രവാസിസംഘടനകളോടും അദ്ദേഹം നന്ദി പറഞ്ഞു.
കണ്ണൂര്‍ പഴയങ്ങാടി പി.ഇ.എസ് വാദിഹുദയിലെ പഠനശേഷം കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദമെടുത്ത മുഹമ്മദ് ജലീല്‍, 2019 ബാച്ച് വിദേശകാര്യ സര്‍വീസില്‍ 434 -മത് റാങ്ക് കരസ്ഥമാക്കി. കേന്ദ്ര വിദേശമന്ത്രാലയത്തിന്റെ കോവിഡ് സെല്ലിലെ പ്രവര്‍ത്തനവുമായി സജീവമായി സഹകരിച്ചിരുന്ന ജലീല്‍ സിവില്‍ സര്‍വീസ് അക്കാദമികളില്‍ പരിശീലന കോഴ്‌സുകള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. കോഴിക്കോട് എന്‍.ഐ.ടിയിലെ പൂര്‍വ വിദ്യാർത്ഥിനിയും എറണാകുളം സ്വദേശിയുമായ ബിസ്മിത സുല്‍ത്താനയാണ് ജലീലിന്റെ ജീവിതസഖി.