റിയാദ് – പൊതുസ്ഥലത്തു വെച്ച് യുവാവിനെ ആക്രമിച്ച മൂന്നംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. സംഘം മറ്റൊരാളെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അഞ്ച് മാസം മുമ്പാണ് സംഭവം നടന്നതെന്നും അവര്‍ക്കിടയില്‍ മുന്‍ പരിചയവും തര്‍ക്കവും ഉണ്ടായിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.
ആക്രമണത്തിന് ഇരയായ യുവാവ് സുരക്ഷാ വകുപ്പുകള്‍ക്ക് പരാതി നല്‍കിയിരുന്നില്ല. കസ്റ്റഡിയിലെടുത്ത പ്രതികളെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.
അതേസമയം, സൈബര്‍ കുറ്റകൃത്യ വിരുദ്ധ നിയമം ലംഘിച്ച് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമം തുടരുകയാണ്.
സുരക്ഷാ കേസുകളുമായി ബന്ധപ്പെട്ട പരാതികൾ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതു സുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു. വിവരങ്ങൾ നൽകുന്നവർക്ക് പ്രയാസമില്ലാത്ത രീതിയിൽ എല്ലാ പരാതികളും രഹസ്യമായി പരിഗണിക്കുമെന്നും പൊതുസുരക്ഷാ വകുപ്പ് വ്യക്തമാക്കി.