കുവൈത്ത് സിറ്റി– സെപ്റ്റംബർ മുതൽ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോകളുള്ള പാസ്‌പോർട്ട് അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി.
മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, അപേക്ഷകർ 630 x 810 പിക്സൽ വലുപ്പമുള്ള ഒരു കളർ ഫോട്ടോ സമർപ്പിക്കണം. ചിത്രത്തിൽ മുഖം പൂർണമായും കാണിച്ചിരിക്കണം. ഫ്രെയിമിന്റെ 80-85% വരെ തല ഉൾപ്പെടുത്തിയിരിക്കണമെന്നും ഫോട്ടോ പ്ലെയിൻ വെളുത്ത പശ്ചാത്തലത്തിലായിരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. നിഴലുകളോ പ്രതിഫലനങ്ങളോ ഉണ്ടാകാൻ പാടില്ല. കൂടാതെ ഗ്ലെയറോ “റെഡ് ഐ”യോ ഇല്ലാതെ കണ്ണുകൾ തുറന്നിരിക്കണമെന്നും നിർദ്ദേശമുണ്ട്. വായ തുറന്നിരിക്കാനും പാടില്ല.
എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തിയ ഫോട്ടോകൾ സ്വീകരിക്കില്ലെന്നും എംബസി അറിയിച്ചു. മതപരമായ ആവശ്യങ്ങൾക്കൊഴികെ ശിരോവസ്ത്രം ധരിക്കുന്നതും നിരോധിച്ചിരിക്കുന്നു.
ഐ.സി.എ.ഒ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിലൂടെ, പാസ്‌പോർട്ടുകൾ ആഗോള സുരക്ഷയ്ക്കും തിരിച്ചറിയൽ പ്രോട്ടോക്കോളുകൾക്കും അനുസൃതമായി തുടരുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് എംബസി പറഞ്ഞു.