ജിദ്ദ – കഴിഞ്ഞ വർഷം സൗദിയില്‍ എ.ടി.എമ്മുകളുടെ എണ്ണം 5.51 ശതമാനം കുറഞ്ഞതായി സൗദി സെന്‍ട്രല്‍ ബാങ്ക്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ രാജ്യത്തെ ബാങ്കുകള്‍ക്ക് കീഴിലെ എ.ടി.എമ്മുകള്‍ 15,075 ആയാണ് കുറഞ്ഞത്. 2023 അവസാനത്തില്‍ 15,954 എ.ടി.എമ്മുകൾ ഉണ്ടായിരുന്നു. ഒരു വർഷത്തിനിടെ 879 എ.ടി.എമ്മുകളാണ് കുറഞ്ഞത്. ആളുകൾ കൂടുതലും ഡിജിറ്റല്‍ ചാനലുകളെയും ആപ്പ് അധിഷ്ഠിത ബാങ്കിംഗ് സേവനങ്ങളെയും ആശ്രയിക്കുന്നതാണ് ഇതിനുകാരണമെന്നാണ് വിലയിരുത്തൽ.
അതേസമയം, കഴിഞ്ഞ വർഷം അവസാനം ബാങ്കുകള്‍ അനുവദിച്ച എ.ടി.എം കാര്‍ഡുകളുടെ എണ്ണം അഞ്ചു കോടിയിലേറെയാണ്. ഒരു വര്‍ഷത്തിനിടെ എ.ടി.എം കാര്‍ഡുകളുടെ എണ്ണത്തില്‍ 5.12 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എ.ടി.എം കാര്‍ഡുകള്‍ 4,77,61,492 ല്‍ നിന്നും 5,02,07,749 ആയാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ബാങ്കുകള്‍ അധികമായി അനുവദിച്ചത് 24,46,257 എ.ടി.എം കാര്‍ഡുകളാണ്.
അതേസമയം, സൗദി പെയ്‌മെന്റ് നെറ്റ്‌വര്‍ക്കായ മദ വഴിയും ബാങ്കുകള്‍ വഴിയുമുള്ള ഉപയോക്താക്കളുടെ ഇടപാടുകളിൽ വർധനവുണ്ടായി. കഴിഞ്ഞ വര്‍ഷം 552.7 ബില്യണ്‍ റിയാലാണ് ഉപയോക്താക്കള്‍ പിന്‍വലിച്ചത്. 2023 ല്‍ 548.8 ബില്യണ്‍ റിയാലും പിന്‍വലിച്ചു. മദ നെറ്റ്‌വര്‍ക്ക് വഴിയുള്ള ഇടപാടുപകള്‍ 2.9 ശതമാനം കുറഞ്ഞ് 60.15 കോടി ആയി. ബാങ്കുകള്‍ വഴിയുള്ള ഇടപാടുകള്‍ 1.35 ശതമാനവും കുറഞ്ഞു. ബാങ്കുകള്‍ വഴി ഉപയോക്താക്കള്‍ ആകെ 89.2 കോടി ഇടപാടുകളാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്. ബാങ്കുകളില്‍ നിന്ന് 21.61 കോടി രൂപ പിന്‍വലിച്ചതിലൂടെ ഉപയോക്താക്കള്‍ 211.9 ബില്യണ്‍ റിയാലും മദ നെറ്റ്‌വര്‍ക്ക് വഴി 42.25 കോടി ഇടപാടുകളിലൂടെ 340.8 ബില്യണ്‍ റിയാലും പിന്‍വലിച്ചു.