ദമാം – സൗദി മരുഭൂമിയില്‍ ഒട്ടകങ്ങളെ മേയ്ച്ച് ഒറ്റപ്പെട്ട് കഴിയുകയാണെന്നും തന്റെ യാത്രാ രേഖകള്‍ തൊഴിലുടമ പിടിച്ചുവെച്ചിരിക്കുകയാണെന്നും സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായും അറിയിച്ചുള്ള ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവിന്റെ വേദന നിറഞ്ഞ വീഡിയോയുടെ നിജസ്ഥിതി വെളിപ്പെടുത്തി സൗദി പോലീസ്. സാമൂഹികമാധ്യമങ്ങളില്‍ റീച്ച് കൂട്ടുകയെന്ന ഉദ്ദേശ്യത്തോടെ യുവാവ് ഇല്ലാക്കഥകള്‍ മെനഞ്ഞ് വ്യാജമായി ചിത്രീകരിച്ചതാണെന്ന് സൗദി പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടാണ് യുവാവിന് നീതി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംഭവത്തില്‍ പോലീസ് ഇടപെട്ടത്. യുവാവിനെ കണ്ടെത്തി വിളിച്ചുവരുത്തി നടത്തിയ അന്വേഷണത്തില്‍ സാമൂഹികമാധ്യത്തിലെ തന്റെ അക്കൗണ്ടില്‍ വ്യൂസ് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങിനെയൊരു വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്ന് വ്യക്തമായി. യുവാവിനും തൊഴിലുടമക്കും ഇടയില്‍ യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും ഇല്ലെന്നും വ്യക്തമായി. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി യുവാവിനെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി കിഴക്കന്‍ പ്രവിശ്യ പോലീസ് അറിയിച്ചു.
യു.പിയിലെ പ്രയാഗ്രാജ് സ്വദേശിയായ യുവാവാണ് സൗദി മരുഭൂമിയില്‍ നിന്ന് വേദന നിറഞ്ഞ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടുള്ള യുവാവിന്റെ വെളിപ്പെടുത്തല്‍ ഭാര്യയും അമ്മയും തന്നെ വിശ്വസിച്ചിരുന്നില്ല. പ്രയാഗ്രാജ് ജില്ലയിലെ പ്രതാപ്പൂര്‍ ബ്ലോക്കിലെ ഷേഖ്പൂര്‍ ഛതൗന ഗ്രാമത്തില്‍ നിന്നുള്ള 25 വയസുകാരനായ അങ്കിത് ഭാര്‍തി എന്ന ഇന്ദ്രജിത്താണ് സൗദി അറേബ്യയില്‍ നിന്ന് വൈകാരിക വീഡിയോ പോസ്റ്റ് ചെയ്ത്.
തന്റെ യാത്രാ രേഖകള്‍ തൊഴിലുടമ പിടിച്ചെടുത്ത് മരുഭൂമിയില്‍ ഒട്ടകങ്ങളെ മേയ്ക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും, ഒറ്റപ്പെട്ട് ഭയപ്പെട്ടിരിക്കുകയാണെന്നും യുവാവ് വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിന് റിയാദിലേക്ക് പോയ യുവാവ് ഭാര്യ പിങ്കിയുടെയും ഭാര്യാപിതാവിന്റെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് യാത്ര തിരിച്ചത്. എന്നാല്‍, വാഗ്ദാനം ചെയ്ത ജോലിക്ക് പകരം, മരുഭൂമിയില്‍ ഒട്ടകങ്ങളെ മേയ്‌ക്കേണ്ട ഗതികേടിലാണ് താനെന്ന് യുവാവ് വീഡിയോയില്‍ പറഞ്ഞു.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ഇന്ദ്രജിത്ത്, മാസം 1,200 സൗദി റിയാല്‍ ശമ്പള വാഗ്ദാനത്തിലാണ് സൗദിയിലെത്തിയത്. എന്നാല്‍, പ്രതീക്ഷിച്ച ജോലി ലഭിച്ചില്ലെന്നും തന്റെ പാസ്പോര്‍ട്ട് തൊഴിലുടമ പിടിച്ചെടുത്തെന്നും യുവാവ് ആരോപിക്കുന്നു. തന്റെ ഭാര്യയും ഭാര്യാപിതാവും ചേര്‍ന്ന് തന്നെ ഈ ജോലിയില്‍ കുടുക്കിയെന്നാണ് യുവാവ് വീഡിയോയില്‍ അമ്മയോട് പറയുന്നത്. ഇത് മകന്റെ ആദ്യ വിദേശ യാത്രയാണെന്നും പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാന്‍ അവന്‍ ബുദ്ധിമുട്ടുകയാണെന്നുമാണ് ഇന്ദ്രജിത്തിന്റെ അമ്മ രഞ്ജു ദേവി വീഡിയോ ശ്രദ്ധയില്‍ പെട്ട് പ്രതികരിച്ചത്. രണ്ട് വര്‍ഷത്തെ വിസയിലാണ് മകന്‍ പോയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ദ്രജിത്തുമായി ദിവസവും ഫോണില്‍ സംസാരിക്കാറുണ്ടെന്നും, ദേഷ്യം വരുമ്പോള്‍ ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ടെന്നുമാണ് ഭാര്യ പിങ്കി പറഞ്ഞത്.
ഇന്ദ്രജിത്തിന്റെ അച്ഛന്‍ ജയപ്രകാശ് ഭാര്‍തി മെക്കാനിക്കാണ്. ഇളയ സഹോദരന്‍ റഞ്ജിത് വീട്ടില്‍ തന്നെയാണ്. 2020 ല്‍ വിവാഹിതനായ ഇന്ദ്രജിത്തിന് മൂന്ന് വയസ്സുള്ള ഒരു മകനും സൗദിയില്‍ എത്തിയ ശേഷം ജനിച്ച ഒരു മകളുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍, ഏറ്റവും അടുത്തവര്‍ പോലും യുവാവിന്റെ വാക്കുകള്‍ പൂര്‍ണമായി വിശ്വസിച്ചിരുന്നില്ല. ഇതിനിടയിലാണ് സംഭവത്തില്‍ സൗദി പോലീസ് ഇടപെട്ട് നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവന്നത്. യുവാവിനെ സൗദിയില്‍ നിന്ന് നാടുകടത്തുമെന്നാണ് വിവരം.



