ദോഹ– ഖത്തറിലെ ലുസൈൽ സിറ്റി ടി100 ട്രയാത്തലോൺ വേൾഡ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ആതിഥേയത്വം വഹിക്കും. ഡിസംബർ 10 മുതൽ 13 വരെ ദോഹയ്ക്കും ലുസൈലിനുമിടയിൽ നടക്കുന്ന ഈ മത്സരം വിസിറ്റ് ഖത്തർ, പ്രൊഫഷണൽ ട്രയാത്തലറ്റ്സ് ഓർഗനൈസേഷൻ, വേൾഡ് ട്രയാത്തലോൺ, ഖത്തർ സൈക്ലിങ് ആൻഡ് ട്രയാത്തലോൺ ഫെഡറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ഏപ്രിലിൽ സിംഗപ്പൂരിൽ തുടങ്ങി ഡിസംബറിൽ ഖത്തറിൽ സമാപിക്കുന്ന ടി100 ട്രയാത്തലോൺ സീരീസ് ഒമ്പത് റേസുകളാണ് ഉൾക്കൊള്ളുന്നത്.
100 കിലോമീറ്റർ ദൂരം ഉൾപ്പെടുന്ന മത്സരത്തിൽ 2 കിലോമീറ്റർ നീന്തൽ, ദോഹയിലെ പ്രധാന തെരുവുകളിലൂടെ 80 കിലോമീറ്റർ സൈക്ലിങ്, ലുസൈൽ പ്ലാസയിലും ബൊളെവാഡിലുമായി 18 കിലോമീറ്റർ ഓട്ടം എന്നിവ ഉൾപ്പെടും. അമേച്വർ അത്ലറ്റുകളും ഈ മത്സരത്തിൽ പങ്കെടുക്കും.
ലോകത്തിലെ മികച്ച ട്രയാത്തലോൺ താരങ്ങളെ ഒന്നിപ്പിക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ മുൻ ചാമ്പ്യന്മാരായ ടെയ്‌ലർ നിബ്, മാർട്ടൻ വാൻ റൈൽ, ഒളിമ്പിക്, ലോക ചാമ്പ്യൻഷിപ്പ് ജേതാക്കൾ, 13 രാജ്യങ്ങളിൽ നിന്നുള്ള ഒളിമ്പ്യന്മാർ എന്നിവർ 2025ലെ മത്സരത്തിനായി പങ്കാളിത്തം ഉറപ്പിച്ചിട്ടുണ്ട്.
ഖത്തർ ലോക കായിക ഭൂപടത്തിൽ ഒരു പ്രധാന കേന്ദ്രമായും സ്പോർട്സ് ടൂറിസത്തിൽ മുൻനിരക്കാരായും നിലകൊള്ളുന്നു. ടി100 ട്രയാത്തലോൺ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ ആതിഥേയത്വം ഈ സ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.