ബഗ്ദാദ് – ഇറാഖി മോഡലും ബ്ലോഗറുമായ നൂര്‍ അല്‍ദലൈമിയെ കൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച സിറിയന്‍ യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. കുര്‍ദിസ്ഥാന്‍ തലസ്ഥാനമായ ഇര്‍ബില്‍ നഗരത്തിലെ ഹോട്ടലില്‍ വെച്ചുണ്ടായ വാക്കേറ്റത്തിനിടെ പ്രതി യുവതിയെ കേബിള്‍ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം വിജനമായ റോഡില്‍ ഉപേക്ഷിച്ച് പെട്രോള്‍ ബങ്കില്‍ നിന്ന് കന്നാസില്‍ വാങ്ങിയ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം യുവതിയുടെ പണവും ആഭരണങ്ങളും കവര്‍ന്ന് സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതിയെ വൈകാതെ അറസ്റ്റ് ചെയ്യാന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് സാധിച്ചു.
യുവതിയുടെ മുടിയും എല്ലുകളും മാത്രമാണ് സംഭവസ്ഥലത്ത് ശേഷിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ ബഗ്ദാദിലെത്തിച്ചു. രണ്ടു സഹോദരിമാര്‍ക്കൊപ്പം നൂര്‍ അല്‍ദലൈമി എട്ടു വര്‍ഷമായി ഇര്‍ബിലിലാണ് താമസിച്ചിരുന്നത്. തന്റെ സഹോദരിക്കും പ്രതിക്കുമിടയില്‍ ഒരു ശത്രുതയുമുണ്ടായിരുന്നില്ലെന്ന് നൂറിന്റെ സഹോദരി ശംസ് അല്‍ദലൈമി പറഞ്ഞു. രണ്ടു പേര്‍ ചേര്‍ന്നാണ് നൂറിനെ കൊലപ്പെടുത്തിയതെന്നും ഇതില്‍ ഒരാള്‍ കുര്‍ദ് വംശജനും രണ്ടാമന്‍ സിറിയക്കാരനും ആണെന്നും സുരക്ഷാ വകുപ്പുകള്‍ ആദ്യം അറിയിച്ചെങ്കിലും പിന്നീട് ഒരു പ്രതി മാത്രമേയുള്ളൂവെന്ന് പറയുകയായിരുന്നെന്ന് നൂറിന്റെ രണ്ടാമത്തെ സഹോദരിയായ മര്‍വ അല്‍ദലൈമി പറഞ്ഞു.
പുലര്‍ച്ചെ രണ്ടു മണിക്കാണ് പ്രതി ഹോട്ടലില്‍ വെച്ച് കൊലപാതകം നടത്തി മൃതദേഹം റോഡിലെത്തിച്ച് ഉപേക്ഷിച്ചത്. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരെ സുരക്ഷാ വകുപ്പുകള്‍ ചോദ്യം ചെയ്തിട്ടില്ല. സംഭവ സമയത്ത് അവര്‍ ഉറങ്ങിക്കിടക്കുകയായിരുന്നെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞത്. ഇത്രയും വലിയ ഹോട്ടലിലെ ജീവനക്കാര്‍ എങ്ങിനെയാണ് ഉറങ്ങുകയെന്ന് മര്‍വ ആരാഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group