റിയാദ്– റിയാദ് അൽയെമാമ കൊട്ടാരത്തിൽ നടന്ന ത്രികക്ഷി യോഗത്തിൽ സിറിയ കൊസോവോയെ ഔദ്യോഗികമായി അംഗീകരിച്ചു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സിറിയൻ പ്രസിഡന്റ് അഹ്‌മദ് അൽശറഉം കൊസോവോ പ്രസിഡന്റ് വ്ജോസ ഒസ്മാനി സാദ്രിയുവും നടത്തിയ ത്രികക്ഷി കൂടിക്കാഴ്ചക്കിടെയാണ് സിറിയ കൊസോവൊയെ ഔദ്യോഗികമായി അംഗീകരിച്ചതെന്ന് സൗദി വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പരസ്പര അംഗീകാരവും ധാരണയും ഉഭയകക്ഷി സഹകരണത്തിനുള്ള വഴികൾ തുറക്കുന്നതും ഉൾപ്പെടെയുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ കേന്ദ്രീകരിച്ചാണ് ത്രികക്ഷി കൂടിക്കാഴ്ചയിൽ ചർച്ചകൾ നടന്നത്.
ജനങ്ങളുടെ സ്വയം നിർണയാവകാശത്തിലുള്ള വിശ്വാസത്തിന്റെയും ബാൽക്കൺ മേഖലയിലും ലോകത്തും സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കാനുള്ള പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിൽ, കൊസോവോയെ സ്വതന്ത്ര, പരമാധികാര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിക്കുന്നതായി സിറിയ പ്രഖ്യാപിച്ചു. പൊതു താൽപ്പര്യങ്ങൾ നിറവേറ്റാനും ജനങ്ങൾ തമ്മിലുള്ള സൗഹൃദബന്ധങ്ങൾ ശക്തിപ്പെടുത്താനുമായി ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളുമായി സഹകരണവും തുറന്ന മനസ്സും വികസിപ്പിക്കുക എന്ന സിറിയയുടെ നയവുമായി ഈ തീരുമാനം യോജിക്കുന്നുവെന്ന് സിറിയൻ വിദേശ, പ്രവാസികാര്യ മന്ത്രാലയം വ്യക്തമാക്കി.
കാഴ്ചപ്പാടുകൾ തമ്മിൽ അടുപ്പിക്കുന്നതിലും സംഭാഷണത്തെയും ധാരണയെയും പിന്തുണക്കുന്നതിലും സൗദി അറേബ്യ നടത്തിയ ശ്രമങ്ങൾക്കും സൃഷ്ടിപരമായ പങ്കിനും സിറിയ അഗാധമായ നന്ദി പ്രകടിപ്പിച്ചു. സൗദി അറേബ്യ നടത്തിയ ശ്രമങ്ങൾ കൊസോവൊയെ അംഗീകരിക്കാനുള്ള തീരുമാനത്തിന് ഉചിതമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ സഹായിച്ചു. കൊസോവോയുമായി എത്രയും വേഗം നയതന്ത്ര ബന്ധം സ്ഥാപിക്കാനും ഇരു രാജ്യങ്ങളുടെയും ജനതങ്ങളുടെയും പൊതുതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളിൽ ഉഭയകക്ഷി സഹകരണം വികസിപ്പിക്കാനും സിറിയ ആഗ്രഹിക്കുന്നതായും സിറിയൻ വിദേശ, പ്രവാസികാര്യ മന്ത്രാലയം പറഞ്ഞു.
കൊസോവോയെ അംഗീകരിച്ച സിറിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി സൗദി വിദേശ മന്ത്രാലയം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനും അതുവഴി ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും അഭിവൃദ്ധിക്ക് സംഭാവന നൽകാനും ഈ അംഗീകാരത്തിലൂടെ സാധിക്കുമെന്ന് സൗദി അറേബ്യ പ്രതീക്ഷിക്കുന്നതായി വിദേശ മന്ത്രാലയം പ്രസ്താവിച്ചു. ലോകത്തിലെ എല്ലാ ജനങ്ങൾക്കും സമാധാനവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര സഹകരണത്തിനുള്ള ചട്ടക്കൂടുകൾ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത സൗദി അറേബ്യ സ്ഥിരീകരിച്ചു.
കൊസോവൊയെ സിറിയ അംഗീകരിച്ചതിനെയും ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര അംഗീകാരം സംബന്ധിച്ച സൗദി അറേബ്യയുടെ പ്രസ്താവനയെയും കൊസോവോ ഊഷ്മളമായി സ്വാഗതം ചെയ്യുന്നതായി കൊസോവോ പ്രസിഡന്റ് തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. കൊസോവോയുടെ സ്വാതന്ത്ര്യം അംഗീകരിക്കാനുള്ള സിറിയയുടെ തീരുമാനത്തിന് കൊസോവോ നന്ദി പ്രകടിപ്പിക്കുകയും കൊസോവോയിലെ ജനങ്ങളെ പിന്തുണക്കുന്നതിന് പ്രസിഡന്റ് അഹ്‌മദ് അൽശറഇന് നന്ദി പറയുകയും ചെയ്യുന്നു.
സ്വാതന്ത്ര്യത്തിനായുള്ള ദീർഘകാല പോരാട്ടത്തോടുള്ള പരസ്പര ബഹുമാനം, പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും പരസ്പര അംഗീകാരം, ഉഭയകക്ഷി സഹകരണത്തിനും നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കാനുമുള്ള പ്രതിബദ്ധത എന്നിവയെ അടിസ്ഥാനമാക്കിയുള്ള സിറിയയുടെ തീരുമാനം ചരിത്ര പ്രാധാന്യമുള്ളതാണ്. കാസോവോയിലെയും സിറിയയിലെയും ജനങ്ങൾ വളരെക്കാലമായി സ്വാതന്ത്ര്യത്തിനായി ത്യാഗങ്ങൾ സഹിച്ചിട്ടുണ്ടെന്നും വ്ജോസ ഒസ്മാനി സാദ്രിയു പ്രസ്താവനയിൽ പറഞ്ഞു.



