കയ്‌റോ: ഗാസ യുദ്ധം രൂക്ഷമാകുന്നതിനിടയിൽ യെമനിലെ ഹൂത്തികൾ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നതിനെ തുടർന്ന് ചെങ്കടലിൽ കപ്പൽ ഗതാഗതം തടസ്സപ്പെട്ടതിന്റെ ഫലമായി സൂയസ് കനാൽ വരുമാനം കുത്തനെ ഇടിഞ്ഞതായി ഈജിപ്ത് അറിയിച്ചു.
കഴിഞ്ഞ വർഷം സൂയസ് കനാൽ വരുമാനം 399.1 കോടി ഡോളറായാണ് കുറഞ്ഞത്. 2023-ൽ സൂയസ് കനാൽ വരുമാനം 1,025 കോടി ഡോളറായിരുന്നു. ഈജിപ്ഷ്യൻ സർക്കാരിന് വിദേശ നാണയത്തിന്റെ പ്രധാന സ്രോതസ്സാണ് സൂയസ് കനാൽ. ലോക വ്യാപാരത്തിന്റെ 10 ശതമാനം ഈ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്.
2023 ഒക്‌ടോബർ ഏഴിന് ആരംഭിച്ച ഗാസ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായിലിനെ സമ്മർദത്തിലാക്കാൻ ശ്രമിച്ച് യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർ സമുദ്ര വ്യാപാരത്തെ ഭീഷണിപ്പെടുത്തുകയും സൂയസ് കനാൽ വഴി ഇസ്രായിലിലേക്ക് പോകുന്ന കപ്പലുകളെ ലക്ഷ്യം വെക്കുകയും ചെയ്തതിനെ തുടർന്ന് കനാൽ ഗതാഗതം ഗണ്യമായി തടസ്സപ്പെട്ടു.
2023 നവംബറിനും 2024 ജനുവരിക്കും ഇടയിൽ ഹൂത്തികൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് 100 ലേറെ വാണിജ്യ കപ്പലുകളെ ലക്ഷ്യം വെക്കുകയും രണ്ടു കപ്പലുകൾ മുക്കുകയും നാലു നാവികരെ കൊലപ്പെടുത്തുകയും ചെയ്തു. യുദ്ധം തുടരുന്ന കാലത്തോളം ആക്രമണങ്ങൾ തുടരുമെന്ന് ഹൂത്തി വിമതർ തറപ്പിച്ചുപറഞ്ഞു. ഇത് മേഖലയിലൂടെയുള്ള കപ്പൽ ഗതാഗതം പ്രതിസന്ധിയിലാക്കി.
സൂയസ് കനാൽ അതോറിറ്റി കണക്കനുസരിച്ച് 2024-ൽ 13,213 കപ്പലുകൾ മാത്രമേ കനാലിലൂടെ കടന്നുപോയിട്ടുള്ളൂ. 2023-ൽ 26,000 ലേറെ കപ്പലുകൾ കടന്നുപോയിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം സൂയസ് കനാലിലൂടെ കടന്നുപോയ കപ്പലുകളുടെ എണ്ണം 50 ശതമാനം കുറഞ്ഞു.
ആക്രമണങ്ങൾ മേഖലക്ക് വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും സൂയസിൽ നാവിഗേഷൻ, സമുദ്ര സേവനങ്ങൾ നൽകുന്നത് തുടരുന്നതിൽ നിന്ന് ഈജിപ്തിനെ തടഞ്ഞിട്ടില്ലെന്ന് സൂയസ് കനാൽ അതോറിറ്റി മേധാവി ലെഫ്റ്റനന്റ് ജനറൽ ഉസാമ റബീഅ് പറഞ്ഞു. സമുദ്ര ഗതാഗത വ്യവസായത്തിൽ സൂയസ് കനാൽ അതിന്റെ പ്രധാന പങ്ക് തെളിയിച്ചിട്ടുണ്ടെന്നും വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടാനുള്ള കഴിവ് തെളിയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി പങ്കെടുത്ത എക്‌സലൻസ് ഡേ ആഘോഷത്തിൽ സൂയസ് കനാൽ അതോറിറ്റി ചെയർമാൻ പറഞ്ഞു.
2019നും 2024നും ഇടയിൽ 1,21,902 കപ്പലുകൾ സൂയസ് കനാൽ വഴി 715.4 കോടി ടൺ മൊത്തം ടൺ ചരക്ക് നീക്കം ചെയ്തതായി സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം സൂയസ് കനാലിൽ കപ്പലുകളുടെ എണ്ണത്തിൽ 50 ശതമാനവും നീക്കം ചെയ്ത ചരക്കുകളുടെ അളവിൽ 66 ശതമാനവും വരുമാനത്തിൽ 61 ശതമാനവും കുറവുണ്ടായതായി ലെഫ്റ്റനന്റ് ജനറൽ ഉസാമ റബീഅ് പറഞ്ഞു.
ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ കപ്പൽ ഗതാഗതത്തിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ട്. 2024 ജനുവരിയെ അപേക്ഷിച്ച് 2025 ജനുവരിയിൽ കപ്പലുകളുടെ എണ്ണം 2.4 ശതമാനം വർധിച്ചു. 2024 ജനുവരിയെ അപേക്ഷിച്ച് ഈ വർഷം ജനുവരിയിൽ കനാൽ വഴി നീക്കം ചെയ്ത കാർഗോ അളവിൽ 7.1 ശതമാനം വർധനവുണ്ടായി. കഴിഞ്ഞ ഡിസംബർ മുതൽ ഹൂത്തികൾ കപ്പലുകളെ ലക്ഷ്യമിടുന്നത് നിർത്തിയതോടെ ചെങ്കടലിലെ സ്ഥിതിഗതികൾ കൂടുതൽ സുരക്ഷിതമായിട്ടുണ്ട്.
അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികൾ സൂയസ് കനാൽ ഉപയോഗിക്കുന്നത് പുനരാരംഭിക്കണം. ചെങ്കടലിലെ സ്ഥിതിഗതികൾ ശാന്തമായിരുന്നിട്ടും അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികൾ സൂയസ് കനാലിലേക്ക് മടങ്ങിവരാത്തത് എന്തുകൊണ്ടാണെന്ന് ഞങ്ങൾക്ക് അറിയില്ല- ലെഫ്റ്റനന്റ് ജനറൽ ഉസാമ റബീഅ് പറഞ്ഞു.
2024-ൽ ഹൂത്തി ആക്രമണങ്ങൾ മൂലം ചെങ്കടലിൽ സമുദ്ര ഗതാഗതത്തിലുണ്ടായ തടസ്സങ്ങൾ കാരണം ഈജിപ്തിന് സൂയസ് കനാൽ വരുമാനത്തിൽ 625 കോടിയിലേറെ ഡോളറിന്റെ നഷ്ടമുണ്ടായതായാണ് കണക്ക്. ചെങ്കടലിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ കാരണം മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ആദ്യ രണ്ടു മാസങ്ങളിൽ സൂയസ് കനാൽ വ്യാപാരം 50 ശതമാനം കുറഞ്ഞതായി 2024 മാർച്ചിൽ അന്താരാഷ്ട്ര നാണയ നിധി റിപ്പോർട്ട് ചെയ്തു. 2015-ൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ സർക്കാർ സൂയസ് കനാലിന്റെ വിപുലീകരണം പൂർത്തിയാക്കി. രണ്ടാമത്തെ കപ്പൽ പാത കൂടി ചേർത്ത് ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന നിലക്ക് കനാലിന്റെ ശേഷി ഉയർത്തി.
മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാൽ 1869-ലാണ് തുറന്നത്. ആഗോള വ്യാപാരത്തിന് സുപ്രധാന ധമനിയായും എണ്ണ, പ്രകൃതിവാതകം, ചരക്ക് എന്നിവക്കുള്ള നിർണായക കണ്ണിയായും ഇത് പ്രവർത്തിക്കുന്നു.