ദുബൈ– യുഎഇയിലെ വിദ്യാർഥികൾക്ക് ഗൂഗിളിന്റെ നിർമിത ബുദ്ധി അധിഷ്ഠിത സേവനം ‘ഗൂഗിൾ ജെമിനി പ്രോ’ ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കും. യുഎഇ സർക്കാരും ഗൂഗിളും തമ്മിലുള്ള സഹകരണത്തിലൂടെയാണ് സംരംഭം ആരംഭിച്ചത്. വിദ്യാർഥികൾക്ക് വാക്കുകൾ, ചിത്രം, വീഡിയോ എന്നിവ സൃഷ്ടിക്കാനും ഗവേഷണം നടത്താനും ജോലികൾ ക്രമീകരിക്കാനും സംവിധാനം സഹായിക്കും.
18 വയസ്സിനു മുകളിലുള്ള സർവകലാശാല വിദ്യാർഥികൾക്ക് ഡിസംബർ ഒമ്പതിന് മുമ്പ് തങ്ങളുടെ വ്യക്തിഗത ഇമെയിൽ വിലാസം ഉപയോഗിച്ച് 12 മാസത്തേക്കുള്ള രജിസ്‌ട്രേഷൻ നടത്താം.
ദേശീയ പ്രതിഭകളെയും സമൂഹത്തെയും എഐ ഉപകരണങ്ങളിലൂടെ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് യുഎഇയുടെ എഐ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ മന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ പറഞ്ഞു. നവോത്ഥാനവും കാര്യക്ഷമതയും വർധിപ്പിക്കാനുള്ള വലിയ ചുവടുവയ്‌പ്പാണിതെന്നും അദ്ദേഹം വ്യക്തമാക്കി. നിർമിത ബുദ്ധി അനുബന്ധ പഠന-തിരച്ചിലുകൾ കഴിഞ്ഞ രണ്ടു മാസത്തിൽ 110 ശതമാനം വർധിച്ചതായി ഗൂഗിൾ മിഡിൽ ഈസ്റ്റ്, ഉത്തര ആഫ്രിക്ക മേഖല ഡയറക്‌ടർ ആന്റണി നാകാഷെ പറഞ്ഞു. പുതിയ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതിൽ അധ്യാപകരും വിദ്യാർഥികളും കൂടുതൽ ഉത്സാഹം പ്രകടിപ്പിക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമായി. ഗവേഷണ വിശകലനത്തിനും ആശയനിർമാണത്തിനുമുള്ള ശക്തമായ നിർമിത ബുദ്ധി മോഡലാണ് ജെമിനി 2.5പ്രോയെന്നും അദ്ദേഹം പറഞ്ഞു.