ദോഹ– വേനൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ആഹ്വാനം ചെയ്തു. ഭക്ഷ്യ സുരക്ഷാ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 16000 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം നിർദേശിച്ചു.
സോഷ്യൽ മീഡിയയിലൂടെ ആരംഭിച്ച ബോധവത്കരണ കാമ്പയിനിൽ, മന്ത്രാലയം ഇങ്ങനെ വ്യക്തമാക്കി: “നല്ല ഭക്ഷ്യ ശുചിത്വം പാലിക്കുന്നത് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കും. ഭക്ഷണം തയാറാക്കുന്നത് മുതൽ സംഭരണം വരെ, ഈ അവശ്യ സുരക്ഷാ ക്രമങ്ങൾ പാലിച്ച് വേനൽക്കാലത്ത് ആത്മവിശ്വാസത്തോടെ ഭക്ഷണം ആസ്വദിക്കൂ.”
തുടർന്ന് നിരവധി സുരക്ഷാ മുന്നറിയിപ്പുകളും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. റസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുമ്പോൾ, മേശകൾ, പാത്രങ്ങൾ, കത്തിവെക്കുന്ന ഉപകരണങ്ങൾ എന്നിവ വൃത്തിയുള്ളതാണോ എന്ന് ഉറപ്പാക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർ ശുചിത്വം പാലിക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. ഭക്ഷണത്തിന്റെ നിറത്തിലോ ഗന്ധത്തിലോ വ്യത്യാസം അല്ലെങ്കിൽ അനാവശ്യ വസ്തുക്കൾ കാണപ്പെട്ടാൽ, അത് ഉടൻ ജീവനക്കാർക്ക് തിരികെ നൽകണം.ഭക്ഷണ വിതരണത്തിന്റെ കാര്യത്തിൽ, ഡെലിവറി എത്തുമ്പോൾ കൈകൾ കഴുകണം, ഭക്ഷണം സീൽ ചെയ്ത പാക്കേജിംഗിൽ എത്തുന്നുണ്ടോ എന്ന് ഉറപ്പാക്കണം.തണുത്ത ഭക്ഷണം തണുപ്പോടെയും, ചൂടുള്ള ഭക്ഷണം ചൂടോടെയും എത്തുകയും വേണം.
ഉടൻ കഴിക്കാത്ത ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കണം. ഗതാഗത സമയത്ത് ഉരുകിയ ഐസ്ക്രീം ഉപയോഗിക്കുകയോ വീണ്ടും ഫ്രീസ് ചെയ്യുകയോ ചെയ്യരുത്.പിക്നിക്കുകളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ, ബാർബിക്യൂ പോലുള്ള ചൂടുള്ള ഭക്ഷണങ്ങൾ 65 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഇൻസുലേറ്റഡ് പാത്രങ്ങളിൽ സൂക്ഷിക്കണം. തണുത്ത ഭക്ഷണങ്ങൾ ഐസ് ചെസ്റ്റുകളിൽ സംഭരിക്കണം. ഭക്ഷണം പ്രാണികളിൽ നിന്നും പൊടിയിൽ നിന്നും സംരക്ഷിക്കാൻ മൂടിവെക്കണം. വൃത്തിയുള്ള പാത്രങ്ങളും ഉപകരണങ്ങളും മാത്രം ഉപയോഗിക്കണം. ക്രോസ്-കോണ്ടാമിനേഷൻ ഒഴിവാക്കാൻ, പച്ച മാംസം പോലുള്ള അസംസ്കൃത വസ്തുക്കൾക്ക് ഉപയോഗിച്ച പാത്രങ്ങൾ വേവിച്ച ഭക്ഷണത്തിന് വീണ്ടും ഉപയോഗിക്കരുത്.
രണ്ട് മണിക്കൂറിൽ കൂടുതൽ ഫ്രിഡ്ജിന് പുറത്ത് വെച്ച ഭക്ഷണം ഉപേക്ഷിക്കണം. കൂളറുകൾ പതിവായി വൃത്തിയാക്കുകയും ഓരോ തവണയും പുതിയ ഐസ് ഉപയോഗിക്കുകയും വേണം.ഷോപ്പിംഗിനിടെ, ഭക്ഷണം തുറന്ന നിലയിൽ ചൂടുള്ളതോ പൊടിനിറഞ്ഞതോ ആയ സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് എയർ കണ്ടീഷനിംഗ് ഇല്ലാത്ത വാഹനങ്ങളിൽ കൊണ്ടുപോകരുത്. അടുക്കളയിൽ, ഭക്ഷണം കൈകാര്യം ചെയ്യുന്നതിന് മുമ്പും ശേഷവും കൈകൾ നന്നായി കഴുകണം. എല്ലാ ഉപകരണങ്ങളും പ്രതലങ്ങളും കീടങ്ങളില്ലാതെ വൃത്തിയായി സൂക്ഷിക്കണം.ഫ്രോസൻ ഭക്ഷണം ഫ്രിഡ്ജിൽ ഉരുക്കണം, മുറിയിലെ താപനിലയിൽ വെക്കരുത്. ഒരിക്കൽ ഉരുകിയ ഭക്ഷണം വീണ്ടും ഫ്രീസ് ചെയ്യരുത്. മാരിനേറ്റ് ചെയ്യുന്നതും ഫ്രിഡ്ജിൽ വേണം. ഛർദിയോ വയറിളക്കമോ ഉള്ളവർ ഭക്ഷണം തയാറാക്കരുത്.തയാറാക്കിയതും നശ്വരവുമായ ഭക്ഷണങ്ങൾ, പച്ചക്കറികൾ, മുട്ട, പഴങ്ങൾ എന്നിവ 4 ഡിഗ്രി സെൽഷ്യസിന് താഴെ ഫ്രിഡ്ജിൽ മൂടിവെച്ച് സൂക്ഷിക്കണം. കുപ്പിവെള്ളം ചൂട്, സൂര്യപ്രകാശം, അസുഖകരമായ ഗന്ധം എന്നിവയിൽ നിന്ന് മാറ്റി, നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കണം.
ഈ വേനൽക്കാലത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. ശരിയായ ഭക്ഷ്യ ശുചിത്വം പാലിക്കുന്നതിലൂടെ ഭക്ഷ്യജന്യ രോഗങ്ങൾ തടയാനും സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതം നയിക്കാനും സാധിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.