റിയാദ് – എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും കരാതിര്‍ത്തി ക്രോസിംഗുകളും വഴി സൗദിയില്‍ നിന്ന് പുറത്തുപോകുന്നവരുടെയും രാജ്യത്തേക്ക് വരുന്നവരുടെയും യാത്രാ നടപടിക്രമങ്ങള്‍ എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തിയാക്കാന്‍ വൈകാതെ സ്മാര്‍ട്ട് പാസ് (ട്രാക്ക്) നിലവില്‍വരുമെന്ന് ജവാസാത്ത് ആക്ടിംഗ് മേധാവി മേജര്‍ ജനറല്‍ സ്വാലിഹ് അല്‍മുറബ്ബ വെളിപ്പെടുത്തി.
റിയാദില്‍ ഡിജിറ്റല്‍ ഗവണ്‍മെന്റ് 2025 ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജവാസാത്ത് മേധാവി. സ്മാര്‍ട്ട് ക്യാമറകള്‍ വഴി യാത്രക്കാരുടെ ഐഡന്റിറ്റികള്‍ പരിശോധിച്ച് അവരെ കടന്നുപോകാന്‍ സ്മാര്‍ട്ട് ട്രാക്ക് അനുവദിക്കും. ജവാസാത്ത് കൗണ്ടറുകളിലെ ഓഫീസര്‍മാരെ സമീപിക്കാതെ തന്നെ ഒരേസമയം 35 ആളുകളുടെ വരെ ഐഡന്റിറ്റികള്‍ പരിശോധിച്ച് യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഈ ക്യാമറകള്‍ക്ക് കഴിയും.
പരമ്പരാഗത നാടുകടത്തല്‍ രീതികളില്‍ നിന്ന് മാറി, ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരെ നാടുകടത്താനായി സെല്‍ഫ്-സര്‍വീസ് ഡീപോര്‍ട്ടേഷന്‍ പ്ലാറ്റ്ഫോം എന്ന പേരില്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമും വൈകാതെ ആരംഭിക്കും. സുരക്ഷാ, സാങ്കേതിക വശങ്ങള്‍ അന്തിമമാക്കിയാലുടന്‍ പ്ലാറ്റ്‌ഫോം ആരംഭിക്കും. രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഈ പ്ലാറ്റ്ഫോം വഴി അവരുടെ യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.
ടെര്‍മിനലുകളിലെ ആള്‍ക്കൂട്ട നീക്കത്തെ കുറിച്ച വിശാലമായ ധാരണ നല്‍കാനും ജവാസാത്ത് കൗണ്ടറുകളില്‍ യാത്രക്കാരുടെ കാത്തിരിപ്പ് സമയം കണക്കാക്കാനും ജവാസാത്ത് സേവനങ്ങളില്‍ യാത്രക്കാരുടെ സംതൃപ്തി നിരീക്ഷിക്കാനും മോഡലുകളെയും ഡാറ്റ വിശകലനത്തെയും ആശ്രയിക്കുന്ന ഡിജിറ്റല്‍ ട്വിന്‍ എന്ന പുതിയ സാങ്കേതികവിദ്യ ജവാസാത്ത് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഹജ് സീസണിലാണ് ഈ സാങ്കേതികവിദ്യ ആദ്യമായി പരീക്ഷിച്ചത്. രാജ്യങ്ങള്‍ക്കിടയിലെ യാത്രാ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് നിലവില്‍ അബ്ശിര്‍ പ്ലാറ്റ്ഫോമില്‍ ഡിജിറ്റല്‍ പാസ്പോര്‍ട്ട് ലഭ്യമാണ്. ഡിജിറ്റല്‍ പാസ്പോര്‍ട്ടിന്റെ ഉപയോഗം വിപുലീകരിക്കാനായി സൗദി അറേബ്യയും മറ്റു രാജ്യങ്ങളും തമ്മിലുള്ള അന്താരാഷ്ട്ര കരാറുകള്‍ക്ക് അന്തിമരൂപം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
സ്മാര്‍ട്ട് ഉപകരണങ്ങളും ഡിജിറ്റല്‍ ക്യാമറകളും ഉപയോഗിച്ച് ബോര്‍ഡിംഗ് നടപടിക്രമങ്ങളും ഓട്ടോമേറ്റഡ് വെരിഫിക്കേഷനും സജീവമാക്കുന്നതിലൂടെയും, യാത്രക്കാരുടെ ചലനം സുഗമമാക്കാനും യാത്രാനുഭവം മെച്ചപ്പെടുത്താനും സാങ്കേതിക, സുരക്ഷാ സംവിധാനങ്ങള്‍ ബന്ധിപ്പിക്കുന്നതിലൂടെയും ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളില്‍ ജവാസാത്ത് കൗണ്ടറുകളിലൂടെ കടന്നുപോകേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കിക്കൊണ്ട് ഡിപ്പാര്‍ച്ചര്‍ നടപടിക്രമങ്ങള്‍ ലളിതമാക്കും.
രാജ്യങ്ങള്‍ തമ്മിലുള്ള ഏകീകൃത ഗേറ്റ്വേ വഴി യാത്രക്കാരുടെ ഡാറ്റ കൈമാറാനുള്ള ഗൗരവമേറിയ പദ്ധതികളുണ്ട്. സൗദിയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാരുടെ ഡാറ്റാ കൈമാറ്റം എളുപ്പമാക്കാന്‍ കരാറുകള്‍ ഒപ്പുവെക്കും. സൗദി അറേബ്യ സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ജവാസാത്ത് മേഖലയില്‍ കൈവരിച്ച പുരോഗതി ദര്‍ശിക്കാന്‍ കഴിയും. ആഭ്യന്തര മന്ത്രാലയത്തിലെ ഡിജിറ്റല്‍ സേവനങ്ങള്‍ ഏറെ വികസിച്ചിട്ടുണ്ട്. യാത്രക്കാരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കൃത്രിമബുദ്ധി ഉപകരണങ്ങള്‍ ഉപയോഗിച്ച് രാജ്യത്തിന്റെ അതിര്‍ത്തി പ്രവേശന കവാടങ്ങളെ സ്മാര്‍ട്ട് പോര്‍ട്ടുകളാക്കി മാറ്റാന്‍ ജവാസാത്ത് തന്ത്രം ലക്ഷ്യമിടുന്നു.
2024 ല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി ജവാസാത്ത് 10 കോടിയിലേറെ സേവനങ്ങള്‍ നല്‍കി. 24 ലക്ഷത്തിലേറെ ഉപയോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ജീവനക്കാരുടെ ഇടപെടല്‍ ആവശ്യമില്ലാതെ ഉപയോക്താക്കള്‍ക്ക് 24 മണിക്കൂറും സേവനം നല്‍കുന്ന സ്മാര്‍ട്ട് വോയ്സ് ഏജന്റ് സേവനവും ജവാസാത്ത് ആരംഭിച്ചിട്ടുണ്ട്. 992 എന്ന നമ്പറില്‍ വിളിച്ചാല്‍ ആര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ജവാസാത്ത് മേധാവി പറഞ്ഞു.



