തിരുവനന്തപുരം– കേരളത്തിൽ വോട്ടർ പട്ടിക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) പ്രാബല്യത്തിൽ വരുത്താൻ ഫോറം വിതരണം ആരംഭിച്ചിട്ടും ഓൺലൈൻ വിവര ശേഖരണത്തിലെ ആശങ്ക മാറാതെ പ്രവാസികൾ.
വിവരശേഖരണത്തിനായി ഓൺലൈൻ സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകുന്നുണ്ടെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതായി ഉണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കമ്മീഷൻ ഉറപ്പ് നൽകുന്ന ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുന്നത് വോട്ടർ ലിസ്റ്റിൽ ഫോൺ നമ്പർ ബന്ധിപ്പിച്ച പ്രവാസികൾക്ക് മാത്രമാണ്. ഫോൺ നമ്പർ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഫോം എട്ട് വഴി പരിഹാരം കമ്മീഷൻ നൽകുന്നുണ്ടെങ്കിലും അതിന് പിന്നെയും കടമ്പകൾ ഏറെയുണ്ട്. വോട്ടർ ഐഡിയിലെ ഏതെങ്കിലും ഒരു വിവരങ്ങളിൽ ( പേര്,ജനനത്തീയതി, വിലാസം, മാതാപിതാക്കളുടെ വിവരങ്ങൾ ) പിശക് വന്നാൽ ഈ വഴിയും സാധ്യമല്ല. മാത്രമല്ല പകുതിയിലധികം പ്രവാസികൾ ഉപയോഗിക്കുക അതത് രാജ്യങ്ങളിലെ ഫോൺ നമ്പർ ആയതിനാൽ തന്നെ അത് മൂലം ഉണ്ടാവുന്ന മറ്റു പ്രശ്നങ്ങൾ വേറെയുമുണ്ട്.
ആധാർ വിവരങ്ങൾ മുഖേനയാണ് ഓൺലൈൻ നടപടികൾ മുന്നോട്ടുപോകുന്നത്. അതിനാൽ തന്നെ ആധാറിലെ വിവരങ്ങളും വോട്ടർ ലിസ്റ്റിലെ വിവരങ്ങളിലും മാറ്റം വന്നാൽ അതും തിരിച്ചടിയാകുന്നതാണ്. പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരായിരിക്കും മിക്കവാറും പ്രവാസികളെയും മറ്റുള്ളവരെയും വോട്ടർ ലിസ്റ്റിൽ ചേർത്തിട്ടുണ്ടാവുക. അതുകൊണ്ടു തന്നെ ചെറിയ തെറ്റുകൾ വരാൻ സാധ്യത ഏറെയുണ്ട്. നൽകിയ പേരിലാണ് തെറ്റുകൾ കൂടുതൽ സാധ്യത കാണുന്നത്.
ഇനി ആധാർ ബന്ധിപ്പിച്ച മൊബൈൽ ഫോണുകളിലേക്ക് വരുന്ന ഒ.ടി.പി പോലെയുള്ള മെസ്സേജുകളും പ്രവാസികൾക്ക് പ്രശ്നമാണ്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രാഷ്ട്രീയ പ്രതിനിധികളും കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഈ ആശങ്കകൾ രാഷ്ട്രീയ നേതാക്കൾ ഉണർത്തിയെങ്കിലും നിർദേശിച്ച നിബന്ധനകൾ പാലിച്ചിരിക്കണം എന്ന നിലപാടിൽ ആണ് അധികൃതർ.



