ഷാർജ– സെപ്റ്റംബർ 7ന് ദൃശ്യമാകുന്ന പൂർണ ചന്ദ്രഗ്രഹണവും സെപ്റ്റംബർ 20ന് കാണാവുന്ന ശനി പ്രത്യയവും (സാറ്റേൺ ഓപ്പോസിഷൻ) ആഘോഷിക്കാൻ ഷാർജയിലെ മലീഹ ആർക്കിയോളജിക്കൽ സെന്ററിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു. മലീഹ നാഷണൽ പാർക്കിന്റെ ഭാഗമായ ഈ കേന്ദ്രം, ജ്യോതിശാസ്ത്രവും
വാനനിരീക്ഷണവും ഇഷ്ടപ്പെടുന്നവർക്ക് അവിസ്മരണീയ അനുഭവം ഒരുക്കുന്നു. വാരാന്ത്യങ്ങളിൽ നടക്കുന്ന ഈ ആകാശ വിസ്മയങ്ങൾ കുടുംബസമേതം പരമ്പരാഗത ഇമാറാത്തി ആതിഥ്യത്തോടെ ആസ്വദിക്കാനുള്ള അവസരവും ലഭിക്കും.
പൂർണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ കടുംചുവപ്പ് നിറത്തിൽ രക്തചന്ദ്രനായി (ബ്ലഡ് മൂൺ) മാറുന്ന അപൂർവ കാഴ്ച ചില പ്രദേശങ്ങളിൽ മാത്രമേ ദൃശ്യമാകൂ. ശനി ഭൂമിക്ക് ഏറ്റവും അടുത്തെത്തി, രാത്രി മുഴുവൻ തെളിമയോടെ ദൃശ്യമാകുന്ന അവസ്ഥയാണ് സാറ്റേൺ ഓപ്പോസിഷൻ. ഈ സമയത്ത് ശനിയുടെ ഉപഗ്രഹമായ ടൈറ്റന്റെ വ്യക്തമായ ദൃശ്യങ്ങളും പ്രതീക്ഷിക്കാം.
മലീഹയിൽ പ്രത്യേകം തയ്യാറാക്കിയ പനോരമിക് ലോഞ്ചുകളിൽ നടക്കുന്ന ഈ വാനനിരീക്ഷണ പരിപാടികൾ കുടുംബങ്ങൾക്കും ജ്യോതിശാസ്ത്ര പ്രേമികൾക്കും ഒരുപോലെ ആകർഷകമാകുമെന്ന് മലീഹ നാഷണൽ പാർക്ക് മാനേജർ ഉമർ ജാസിം അൽ അലി പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്:
- വെബ്സൈറ്റ്: discovershurooq.gov.ae
- ഫോൺ: +971 6 802 1111
- ഈമെയിൽ: [email protected]