ഷാർജ– ജീവിത നൈരാശ്യം ബാധിച്ച് ആത്മഹത്യാ മുനമ്പിലെത്തിയ മലയാളി അധ്യാപികയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് ഷാർജ പോലീസും ഷാർജ ഇന്ത്യൻ അസോസിയേഷനും. ആത്മഹത്യ ചെയ്യാൻ ഒരുങ്ങുകയാണെന്ന ഇ-മെയിൽ സന്ദേശം ഷാർജ പോലീസിന് ലഭിച്ച ഉടൻ പോലീസ് ഷാർജയിലെ ഇന്ത്യൻ അസോസിയേഷൻ അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. ഇവർ സമയോചിതമായി നടത്തിയ ഇടപെടലാണ് മലയാളി അധ്യാപികക്ക് ജീവിതം തിരികെ കിട്ടാൻ വഴിവെച്ചത്. ഈയ്യിടെ ഷാർജയിൽ മലയാളി യുവതികളായ അതുല്യയും വിപഞ്ചികയും ജീവനൊടുക്കിയതിനു പിന്നാലെയാണ് മറ്റൊരു മലയാളി വനിത കൂടി ആത്മഹത്യക്ക് ഒരുങ്ങിയത്.
കുടുംബ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിട്ട അധ്യാപികക്ക് ഒറ്റപ്പെടലും ഉണ്ടായി. ഇവയെല്ലാം വല്ലാതെ തളർത്തി. അതിനിടെ വിവാഹ മോചനത്തിന് ഭർത്താവ് നിരന്തരം നിർബന്ധിച്ചതോടെ ആകെ മാനസിക തകർച്ചയിലേക്ക് വഴുതി വീഴുകയായിരുന്നു. ഇതോടെ ജീവനൊടുക്കാൻ തീരുമാനിച്ചു. ഷാർജയിലെ റോള പാർക്കിനു സമീപം അതുല്യ എന്ന യുവതി ആത്മഹത്യ ചെയ്തതിന് തൊട്ടുപിന്നാലെയാണ് അധ്യാപികയുടെ സന്ദേശം ഷാർജ പൊലീസിന് ലഭിച്ചത്.. ജീവിക്കാൻ തോന്നുന്നില്ലെന്നും അവസാനിപ്പിക്കുകയാണ് എന്നുമായിരുന്നു ഇ മെയിൽ ഉള്ളടക്കം. ആത്മഹത്യാ ചിന്ത വല്ലാതെ അലട്ടുന്നുവെന്നും വിശദീകരിച്ചുവെന്ന് പോലീസ് അറിയിച്ചു. വിവരം കൈമാറിയതിനെ തുടർന്ന് ഇന്ത്യന്‍ അസോസിയേഷന്‍ അധികൃതർ കൗൺസിലർ സേവനം ഉൾപ്പെടെ സജ്ജീകരിച്ച് അധ്യാപികയേയും ഭര്‍ത്താവിനെയും വിളിപ്പിച്ചു. ഇരുവരോടും മണിക്കൂറുകളോളം വെവ്വേറെ സംസാരിച്ചു. ഭര്‍ത്താവ് വിവാഹ മോചനത്തിനായി ഇവരെ നിര്‍ബന്ധിച്ചിരുന്നുവെന്നും താൻ ഒരുക്കമായിരുന്നില്ലെന്നും വ്യക്തമാക്കി. ഇരുവരുടെയും 22 വയസ്സുള്ള മകന്‍ കേരളത്തിലാണ്. ഭര്‍ത്താവ് മകനെ തന്നിൽ നിന്ന് അകറ്റി താമസിപ്പിച്ചിരിക്കുകയാണ് എന്നും ഇവർ പരാതിപ്പെട്ടു. ഇത് കൂടുതൽ നിരാശയാക്കിയെന്നും ആത്മഹത്യാ പ്രവണതയിലേക്ക് എത്തിയെന്നും വിശദമാക്കിയതായി ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മറ്റി അംഗവും റൈസ് പദ്ധതിയുടെ പ്രധാന പ്രവർത്തകനുമായ യൂസുഫ് സഹീര്‍ ഗൾഫ് ന്യൂസിനോട് പറഞ്ഞു. കൗൺസിലിംഗ് നടത്തിയതോടെ ആത്മഹത്യാ തീരുമാനത്തിൽ നിന്ന് അധ്യാപിക പിൻവാങ്ങി എന്നും തുടർന്നുള്ള ഫോളോ അപ് സെഷനുകളിൽ അവർ ആഹ്ലാദവതി ആയിരുന്നു വെന്നും അദ്ദേഹം
വിശദീകരിച്ചു.
ഈ വർഷം ആഗസ്ത് രണ്ടിന് തുടക്കമിട്ട റൈസ് (റീച്ച്, ഇൻസ്പെയർ, സപ്പോർട്ട്, എംപവർ)എന്ന കുടുംബ തര്‍ക്ക പരിഹാര പദ്ധതിയുടെ ഭാഗമായാണ് ഷാർജ ഇന്ത്യൻ അസോസിയേഷന്‍ വിഷയം ഏറ്റെടുത്തത്. മലയാളി യുവതികളായ വിപഞ്ചിക, അതുല്യ എന്നിവരുടെ ആത്മഹത്യയെ തുടർന്നാണ് ഇത്തരമൊരു ആശയം ഉരുത്തിരിയുകയും അധികൃതരുടെ സഹകരണത്തോടെ നടപ്പിൽ വരുത്താൻ തീരുമാനിക്കുകയും ചെയ്തത്. ഷാര്‍ജ പൊലീസിന്‍റെ കമ്മ്യൂണിറ്റി പ്രിവന്‍റീവ് ആന്‍ഡ് പ്രൊട്ടക്ഷന്‍ വകുപ്പ്, ദുബൈ ഇന്ത്യന്‍ കോൺസുലേറ്റ് എന്നിവയുമായി സഹകരിച്ചാണ് വളരെ ക്രിയാത്മകമായ ഈ പദ്ധതി.