ദുബായ്: പ്രതികൂല കാലാവസ്ഥയിൽ ദുരിതമനുഭവിക്കുന്ന എല്ലാവരെയും സഹായിക്കുമെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻമുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
ദുരിതാശ്വാസ നടപടികളുടെ പുരോഗതി നേരിട്ട് വിലയിരുത്തുന്നുണ്ട്. വെല്ലുവിളികളെ നേരിടാൻ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ എമിറേറ്റ് സജ്ജമാണ്. സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണ എമിറേറ്റിന് കരുത്തേകുന്നുണ്ട് -അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വിവിധ സർക്കാർസ്ഥാപനങ്ങളുടെ മേധാവികളുമായി അദ്ദേഹം യോഗംചേർന്നു. ദുരന്തബാധിതപ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും അടിയന്തരപരിഹാരം കാണുന്നതിനും പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്താൻ ഭൂവകുപ്പ്, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസി, കെട്ടിടനിർമാതാക്കൾ എന്നിവർ സഹകരിക്കും. ദുരിതബാധിതർക്ക് സഹായം നൽകുന്നതിനുള്ള സംഭാവനകൾ സ്വീകരിക്കാനായി ‘ജൂഡ്’ പ്ലാറ്റ്‌ഫോം സജീവമാക്കാൻ സാമൂഹിക വികസന അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുമുണ്ട്.